പൊന്നാനി : കർമ റോഡരികിലെ കയ്യേറ്റം കണ്ടെത്താൻ ദൗത്യസംഘത്തിന്റെ പരിശോധന തുടങ്ങി. ആദ്യദിനം ഒന്നര കിലോമീറ്റർ ഭാഗത്ത് സർവേ നടന്നു. ഈ ഭാഗത്ത് 21 വ്യക്തികളുടെ കയ്യേറ്റം കണ്ടെത്തി. കയ്യേറി നിർമിച്ച പത്തോളം കടകൾ, 4 വീടുകൾ എന്നിവ മാർക്ക് ചെയ്തു. കയ്യേറ്റ ഭൂമിയിലെ 75 മരങ്ങൾക്ക് നമ്പറിട്ടു. ഇന്നലെ രാവിലെ മുതൽ ഉച്ച വരെയാണ് 14 അംഗ ദൗത്യസംഘം പുഴയോരത്ത് സർവേയ്ക്കിറങ്ങിയത്. ചമ്രവട്ടം കടവ് ഭാഗത്തുനിന്നാണ് പരിശോധന തുടങ്ങിയത്. സിഐടിയു റോഡ് ഭാഗം വരെ നീളുന്ന ഒന്നര കിലോമീറ്റർ ഭാഗത്താണ് സർവേ നടത്തിയത്.
കയ്യേറ്റങ്ങൾ നടത്തിയ വ്യക്തികൾക്ക് അടുത്ത ദിവസംതന്നെ നോട്ടിസ് അയയ്ക്കും. അടുത്ത ബുധനാഴ്ചയാണ് ദൗത്യ സംഘമിറങ്ങുക. നിലവിൽ പൂർത്തീകരിച്ച ഭാഗത്തുനിന്നു സർവേ തുടങ്ങും. തഹസിൽദാർ കെ.ജി.സുരേഷ് കുമാർ, ഡപ്യൂട്ടി തഹസിൽദാർ എ.കെ.പ്രവീൺ എന്നിവരാണ് സർവേ ഏകോപിപ്പിക്കുന്നത്.
ഡപ്യൂട്ടി തഹസിൽദാർമാരായ പി.കെ.സുരേഷ്, വി.വി.ശിവദാസ്, താലൂക്ക് സർവേയർ നാരായണൻ കുട്ടി, ഇൗഴുവത്തിരുത്തി വില്ലേജ് ഓഫിസർ പ്രദീപ് കുമാർ നെല്ലിക്കൽ എന്നിവരടങ്ങുന്ന 14 അംഗ ദൗത്യസംഘമാണ് പുഴയോരത്തെ കയ്യേറ്റം കണ്ടെത്താൻ രംഗത്തിറങ്ങിയിരിക്കുന്നത്. ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെ പുഴയോര ഭൂമി വ്യാപകമായി കയ്യേറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സർവേ ആരംഭിച്ചിരുന്നത്.
126 വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, പെട്ടിക്കടകൾ തുടങ്ങി വൻതോതിലുള്ള കയ്യേറ്റം നടന്നുവെന്നാണ് പ്രാഥമിക സർവേ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കയ്യേറ്റം നടത്തിയ വ്യക്തി വിവരങ്ങളും ഭൂമിയുടെ അളവും അതിർത്തിയും കണ്ടെത്താനായി സർവേ തുടങ്ങിയത്.