പൊന്നാനി : റോഡ് തകർച്ചമൂലം പൊറുതിമുട്ടിയിരിക്കുകയാണ് പൊന്നാനിയിലെ ജനങ്ങൾ. ദേശീയപാത നിർമാണവും കുടിവെള്ള വിതരണ പൈപ്പിടലും കാരണം റോഡിലൂടെയുള്ള കാൽനടയാത്രപോലും ദുഷ്കമായിരിക്കുന്നു. ഒട്ടേറേ സമരം നടന്നിട്ടും റോഡുകളുടെ തകർച്ചയ്ക്ക് പരിഹാരമുണ്ടാകാത്ത അവസ്ഥയാണ്.ദേശീയപാതാ നിർമാണമാണ് ചമ്രവട്ടം ജങ്ഷനിലെത്തുന്നവരെ ദുരിതത്തിലാക്കുന്നത്. രൂക്ഷമായ പൊടിശല്യമാണിവിടുത്തെ പ്രശ്നം.മേൽപ്പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ സർവീസ് റോഡുകളിലൂടൊണ് വാഹനങ്ങൾ പോകുന്നത്. ഇതാണെങ്കിൽ മുഴുവൻ തകർന്നുകിടക്കുന്നു. വെയിലുള്ളപ്പോൾ പൊടിയും മഴപെയ്താൽ ചെളിയും നിറയുന്ന ജംങ്ഷനാണിപ്പോൾ പൊന്നാനിയിലെ പ്രധാനപ്പെട്ട ചമ്രവട്ടം ജങ്ഷൻ.ഡ്രൈവർമാരും വ്യാപാരികളുമെല്ലാം മാസ്ക് ധരിച്ചാണ് പൊടിയിൽനിന്ന് രക്ഷതേടുന്നത്. സർവീസ് റോഡിലൂടെ വാഹനങ്ങൾ കടന്നുപോയാൽ ജങ്ഷനിലെ കടകളിൽപ്പോലും പൊടിനിറയും. ഇത് ശ്വസിച്ച് പണിയെടുക്കേണ്ട ഗതികേടിലാണ് ജങ്ഷനിലെ കടകളിലും സ്ഥാപനങ്ങളിലുമുള്ളവർ.

അമൃത്, ജൽജീവൻ പദ്ധതികൾക്കുവേണ്ടി കുടിവെള്ള പൈപ്പിടാൻ റോഡ് പൊളിച്ചത് പലയിടത്തും ശരിയാക്കിയിട്ടില്ല. ഗ്രാമീണറോഡുകൾ മിക്കതും തകർന്നുകിടക്കുകയാണ്. ദേശീയപാതയുടെ സ്ഥിതിയും മറിച്ചല്ല. ചമ്രവട്ടം ജങ്ഷൻ മുതൽ എ.വി. ഹയർ സെക്കൻഡറി സ്കൂൾ വരെ നല്ല റോഡാണ്. എന്നാൽ കുറ്റിക്കാട് റോഡുനിറയെ കുഴിയാണ്. മഴപെയ്താൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതും ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കോടതിപ്പടി മുതൽ ആശുപത്രിപ്പടി വരെയുള്ള ഭാഗത്തും റോഡ് തകർന്നുകിടക്കുകയാണ്.അമൃത് പദ്ധതിക്കായി തീരദേശ വാർഡുകളിലെ റോഡുകൾ പൊളിച്ചിട്ടത് പുനർനിർമിക്കാത്ത കരാർ കമ്പനിയ്ക്കെതിരേ നടപടിയ്ക്കൊരുങ്ങുകയാണ് നഗരസഭ. റോഡുകൾ പുനർനിർമിക്കാനായി ജല അതോറിറ്റിയിൽ അടച്ച 1.20 കോടി രൂപ തിരികെ വാങ്ങാനും കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ സർക്കാരിനോട് ശുപാർശചെയ്യാനും കഴിഞ്ഞിദിവസം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.നഗരസഭയുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വമില്ലായ്മയാണ് റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഈഴുവത്തിരുത്തി കമ്മിറ്റി കുറ്റപ്പെടുത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *