എടപ്പാൾ : ഒട്ടേറെപ്പേർ കുളിക്കാനുപയോഗിക്കുന്ന, ഒരു പ്രദേശത്തിന്റെ ജലസ്രോതസായി നിലനിൽക്കുന്ന കുളം അടിഭാഗം തകർന്ന് പ്രദേശത്തിനുതന്നെ ഭീഷണിയാകുന്നു. എടപ്പാൾ പഞ്ചായത്തിലെ പൊൽപ്പാക്കരയിലുള്ള 30 സെന്റിലധികം വിസ്തീർണമുള്ള പൊതുകുളമാണ് റോഡിനും പിറകിലെ വീടിനുമെല്ലാം ഭീഷണിയായിരിക്കുന്നത്.ശബരിമല മുൻ മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരിയുടെ വീടായ പൊൽപ്പാക്കര മഠത്തിനോടു ചേർന്നുള്ള കുളമാണ് പുറമെക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും അടിഭാഗം തകർന്ന് അപകടാവസ്ഥയിലുള്ളത്. കുളത്തിന്റെ നാലുവശവും അടിഭാഗത്ത് മണ്ണിടിഞ്ഞ നിലയിലാണ്. ഏതാനും വർഷംമുൻപ് മഠം മുൻകൈയെടുത്ത് ഒരു ഭാഗം വശങ്ങൾ കെട്ടിയുയർത്തി ആ ഭാഗത്തെ ഭീഷണിയൊഴിവാക്കിയിരുന്നു.

എന്നാൽ പടിഞ്ഞാറുവശത്തും ഇതിലെ പോകുന്ന പൊൽപ്പാക്കര -തട്ടാൻപടി റോഡിന്റെ ഭാഗത്തും ഇപ്പോഴും കുളത്തിന്റെ അടിഭാഗം തകർന്ന് ഗുഹപോലെയായിരിക്കയാണ്. ഭാരമുള്ള വാഹനങ്ങൾ റോഡിലൂടെ പോകുമ്പോൾ റോഡ് ഇടിഞ്ഞ് കുളത്തിൽ വീഴാൻ സാധ്യതയുണ്ടെന്ന് പരിശോധന നടത്തിയ എൻജിനിയർമാർ പറഞ്ഞിരുന്നു. പിറകിലെ വീടും അപകടഭീഷണിയിലാണുള്ളത്.എത്രയുംപെട്ടെന്ന് വെള്ളം വറ്റിച്ച് കുളത്തിന്റെ തകർന്ന അടിഭാഗം കെട്ടി സുരക്ഷിതമാക്കിയില്ലെങ്കിൽ വീടും റോഡും അപകടത്തിലാവുമെന്ന ആശങ്കയിലാണെന്ന് പി.എം. മനോജ് എമ്പ്രാന്തിരി പറയുന്നു.കെ.ടി. ജലീൽ എം.എൽ.എ.യോട് ഇക്കാര്യം പറഞ്ഞപ്പോൾ ഫണ്ട് അനുവദിക്കാമെന്നുറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പൊൽപ്പാക്കര കുളത്തിന്റെ അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വശങ്ങൾ കെട്ടി കുളം സുരക്ഷിതമാക്കി സംരക്ഷിക്കണമെങ്കിൽ വലിയ തുക ആവശ്യമായി വരും. ആദ്യഘട്ടമായി 35 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിൽനിന്ന് ലഭ്യമാക്കാൻ നടപടിയെടുക്കും .

 

Related Post

Leave a Reply

Your email address will not be published. Required fields are marked *