കുറ്റിപ്പുറം : കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ നേത്രചികിത്സാ വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടും ചികിത്സ തുടങ്ങാതെ ആരോഗ്യവകുപ്പ്.ഒരു വർഷം മുൻപ് നിർമാണം പൂർത്തിയായ കെട്ടിടത്തിൽ ഭൂരിഭാഗം ചികിത്സാഉപകരണങ്ങളും വാങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ആവശ്യമായ ഫർണിച്ചർ വാങ്ങുന്നതിന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്നിട്ടും കെട്ടിടം ഉദ്ഘാടനം ചെയ്യാത്ത അവസ്ഥയാണ്.ദേശീയ ആരോഗ്യ ദൗത്യം പദ്ധതി പ്രകാരം അനുവദിച്ച 1.54 കോടി രൂപ ചെലവഴിച്ചാണ് നേത്രചികിത്സാ വിഭാഗത്തിന് കെട്ടിടം നിർമിച്ചത്. ആരോഗ്യ ദൗത്യം പദ്ധതി പ്രകാരംതന്നെ ആവശ്യമായ ഉപകരണങ്ങൾ വാങ്ങി.
രണ്ടു നിലകളുള്ള കെട്ടിടത്തിൽ മൂന്നു ഡോക്ടർമാർക്ക് ഒരേസമയം പരിശോധനയ്ക്കുള്ള ഒ.പി. സൗകര്യം, രോഗികൾക്ക് കാത്തിരിക്കാനുള്ള സ്ഥലം, മൈനർ പ്രൊസീജിയർ റൂം, ഡോക്ടർമാർക്ക് വിശ്രമിക്കാനുള്ള മുറി, പത്തോളം പേരെ കിടത്തിച്ചികിത്സിക്കാനുള്ള വാർഡ്, ശൗചാലയം എന്നിവയാണ് താഴത്തെ നിലയിൽ ഒരുക്കിയത്. ഓപ്പറേഷൻ തിയേറ്റർ, ഓപ്പറേഷൻ സജ്ജീകരണത്തിനുള്ള മുറികൾ, സ്റ്റോർ ഏരിയ, നിരീക്ഷണത്തിനുള്ള മുറി എന്നിവയാണ് മുകളിലത്തെ നിലയിലുള്ളത്. ലിഫ്റ്റ് സജ്ജീകരിക്കാനുള്ള സൗകര്യവും കെട്ടിടത്തിലൊരുക്കിയിട്ടുണ്ട്.