പെരുമ്പടപ്പ് : ബണ്ടിനു മുകളിലൂടെ പൈപ്‌ലൈൻ കൊണ്ടുപോകുന്നതിനു കുഴി എടുത്തതു മൂലം നൂനക്കടവ് പാടശേഖരത്തിന്റെ ബണ്ട് താഴുന്നു.പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂർ, ആമയം മേഖലയിലേക്കു ശുദ്ധജല പൈപ്പ് കൊണ്ടുപോകുന്നതിനാണു നൂനക്കടവ് പാടശേഖരത്തിന്റെ ബണ്ട് ജല അതോറിറ്റി മാസങ്ങൾക്കു മുൻപു പൊളിച്ചത്. ബണ്ടിന് മുകളിലൂടെ പൈപ്‌ലൈൻ കൊണ്ടുപോകുന്നതിനെതിരെ കർഷകർ പ്രതിഷേധവുമായി എത്തിയെങ്കിലും പഞ്ചായത്ത് ഇടപെട്ട് കുഴി എടുക്കൽ ആരംഭിക്കുകയായിരുന്നു.
പൈപ്പിട്ട് 4 മാസം കഴിഞ്ഞെങ്കിലും നുറടിത്തോട്ടിലെയും പുറംകോളിലെയും വെള്ളക്കെട്ടിൽ ബണ്ട് ദിവസംതോറും താഴ്ന്നു കൊണ്ടിരിക്കുകയാണ്. കുഴി എടുക്കുന്ന സമയത്തു ബണ്ടിനു മുകളിൽ മണ്ണിട്ട് ഉയർത്തുമെന്നു ജല അതോറിറ്റി ഉറപ്പു നൽകിയിരുന്നതായി കർഷകർ പറഞ്ഞു. പുഞ്ചക്കൃഷിക്ക് പാടശേഖരങ്ങളിൽ നിന്നുള്ള വെള്ളം വറ്റിക്കൽ ആരംഭിച്ചതോടെ നൂറടിത്തോട് കര കവിഞ്ഞു പാടശേഖരങ്ങളിലേക്ക് ഒഴുകുകയാണ്. കർഷകർ ബണ്ടിനു മുകളിൽ മണ്ണിട്ട് ഉയർത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ബണ്ട് താഴ്ന്നു പോകുന്നതിനാൽ 220 ഏക്കർ പാടശേഖരത്തെ കൃഷി ഇറക്കൽ വൈകി. താഴ്ന്നു കൊണ്ടിരിക്കുന്ന ബണ്ടിനു മുകളിൽ മണ്ണിട്ട് ഉയർത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.