തിരൂർ : ചമ്രവട്ടം പാലമൊന്നു കടന്നുകിട്ടണമെങ്കിൽ ആദ്യം പൊടി തിന്നണം, പിന്നെ വരി കിടക്കുകയും കുഴിയിൽ ചാടുകയും വേണം. പാലം കടക്കുമ്പോഴേക്കു ശ്വാസകോശവും നട്ടെല്ലും വണ്ടിയുടെ ടയറും ഒരു പോലെ പഞ്ചറാവും. കാര്യമറിഞ്ഞിട്ടും അധികൃതർക്കു കുലുക്കമില്ല. മഴ പെയ്തതോടെ കഴിഞ്ഞ ഓഗസ്റ്റിലാണു പാലത്തിന്റെ ഇരുവശത്തെയും അപ്രോച്ച് റോഡ് തകർന്നത്. വൻ കുഴികൾ രൂപപ്പെട്ടതോടെ ‘മനോരമ’ വാർത്ത നൽകുകയും പ്രദേശത്തു വിവിധ സംഘടനകൾ പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ ചമ്രവട്ടം ഭാഗത്തെ കുഴികൾ പാറപ്പൊടിയിട്ട് അടച്ചു.
എന്നാൽ, മഴ മാറി വെയിൽ വന്നതോടെ മണ്ണ് പൊടിയായി ഉയർന്നു. കുഴിയടയ്ക്കാനിട്ട കല്ലുകൾ പുറത്തേക്കു തള്ളിയതോടെ വാഹനങ്ങൾക്കു കടന്നുപോകാനും പ്രയാസമായി. ബൈക്കുകൾ നടപ്പാതയിലൂടെ കടന്നുപോകാൻ തുടങ്ങിയതോടെ കാൽനടക്കാരും പ്രയാസത്തിലാണ്.പാലത്തിന്റെ മറുവശത്തു നരിപ്പറമ്പ് ഭാഗത്തും വൻ കുഴികളാണുള്ളത്. തിരക്കുള്ള പാതയിൽ വണ്ടികൾ വേഗം കുറയ്ക്കുന്നതു ഗതാഗതക്കുരുക്കിനും കാരണമാകുന്നു. കുഴിയടയ്ക്കൽ ആരുടെ ഉത്തരവാദിത്തമാണെന്നു ചോദിച്ചാൽ പൊതുമരാമത്ത് ദേശീയ പാത വിഭാഗമാണെന്നും ജലസേചന വകുപ്പാണെന്നും പലതാണു മറുപടി.നാളെ മണ്ഡലകാലം തുടങ്ങുന്നതോടെ ഇതുവഴിയുള്ള തിരക്കേറും. ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്കു വരുന്നവരും ശബരിമലയിലേക്കു നേരിട്ടു പോകുന്നവരുമെല്ലാം ഈ കുഴികളും താണ്ടണം, പൊടിയും തിന്നണമെന്ന അവസ്ഥയാണ്. നരിപ്പറമ്പ് ഭാഗം ടൈലുകൾ വിരിച്ചും ചമ്രവട്ടം ഭാഗം ടാർ ചെയ്തും പ്രശ്നം പരിഹരിക്കാൻ പൊതുമരാമത്ത് ദേശീയപാത വിഭാഗം തീരുമാനിച്ചിട്ടുണ്ടെന്ന വിവരമുണ്ട്. ഈ ആഴ്ച തന്നെ കുഴികൾ അടച്ച് ടാർ ചെയ്തു പ്രശ്നം പരിഹരിക്കണമെന്നാണു നാട്ടുകാരും സംഘടനകളും ആവശ്യപ്പെടുന്നത്.