പൊന്നാനി : പൊന്നാനി നഗരസഭ പരിധിയിലെ ഭിന്നശേഷി വിദ്യാർഥികൾ കടവനാട് സൗകര്യ കുറവുള്ള കെട്ടിടത്തിലാണ് പഠിച്ചു വരുന്നത്. 176 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ 35 പേര് മാത്രമാണ് എത്തുന്നത്. ബാക്കിയുള്ളവർ യാത്ര സൗകര്യമില്ലാത്തത് കാരണം ക്ലാസിൽ എത്തുവാൻ സാധിക്കുന്നില്ല. നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നൽകിയ വാഹനത്തിലാണ് നഗരസഭ ജീവനക്കാരെ വച്ച് വിദ്യാർത്ഥികളെ എത്തിക്കുന്നത്. 2019 ൽ ഇടി മുഹമ്മദ് ബഷീർ എംപിയുടെ ഫണ്ടിൽ നിന്നും ഭിന്നശേഷി വിദ്യാർഥികൾക്ക് 14 ലക്ഷം രൂപ വാഹനത്തിനു വേണ്ടി അനുവദിച്ചിരുന്നു. വാഹനത്തിന് ഡ്രൈവറെ നൽകുവാനും, അറ്റകുറ്റപണികൾ നടത്തുവാനും നഗരസഭ തയ്യാറല്ല എന്ന് അറിയിച്ചതിനെ തുടർന്ന് എംപി ഫണ്ട് നഷ്ടപ്പെടുകയും ചെയ്തു.

കുണ്ടുകടവ് സംസ്ഥാനപാതയോട് ചേർന്ന് ഒരു സ്വകാര്യ വ്യക്തി നൽകിയതും, ഇപ്പോൾ നഗരസഭയുടെ കൈവശമുള്ളതുമായ പത്ത് സെൻറ് ഭൂമിയിൽ പ്രവർത്തിച്ചിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ തീരുമാനപ്രകാരം കെട്ടിടം പൊളിച്ചു മാറ്റുകയും അവിടെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള മൂന്നുനില കെട്ടിടത്തിന് കേന്ദ്രസർക്കാർ ഒന്നേമുക്കാൽ കോടി രൂപ അനുവദിച്ചു നൽകുകയും ചെയ്തിരുന്നു. ഇതുവരെ നഗരസഭ കെട്ടിടം നിർമ്മിക്കുകയും ചെയ്തില്ല. ഭിന്നശേഷി വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനുവേണ്ടി കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ച ഫണ്ട് പൊന്നാനി നഗരസഭ എന്തു ചെയ്തുവെന്ന് വെളിപ്പെടുത്തണമെന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ ജയപ്രകാശ് അധ്യക്ഷ വഹിച്ച യോഗം മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി നൗഷാദ് അലി മുഖ്യപ്രഭാഷണം നടത്തി. വി സൈദ് മുഹമ്മദ് തങ്ങൾ, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എൻ പി നബിൽ, ഉസ്മാൻ തെയ്യങ്ങാട്, കാട്ടിലായിൽ പ്രദീപ്, എം രാമനാഥൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *