പുറത്തൂർ : മുരുക്കിൻമാട് ദ്വീപിന്റെ തീരങ്ങൾക്ക് പരിസ്ഥിതി സൗഹൃദ സംരക്ഷണം ഒരുക്കുന്നു. ദ്വീപിന്റെ തീരം തിരൂർ പുഴ കവരുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്നാണു വിലയിരുത്തൽ. പുറത്തൂർ പഞ്ചായത്തിലെ മുരിക്കിൻമാടിൽ 40 കുടുംബങ്ങളാണുള്ളത്. തീരമിടിച്ചിൽ ഭീഷണി ആയതോടെ പഞ്ചായത്തും ദ്വീപ് സംരക്ഷണത്തിനുള്ള വഴികൾ തേടിയിരുന്നു. മൂന്നര മീറ്റർ നീളമുള്ള മുളയുടെ കുറ്റികൾ ഒന്നര മീറ്റർ ആഴത്തിൽ തീരത്ത് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

ഓരോ മീറ്റർ അകലത്തിൽ വയ്ക്കുന്ന മുളയോടു ചേർന്ന് മെടഞ്ഞ ഓലകൾ കെട്ടി ഉറപ്പിക്കും. തുടർന്ന് ഇതിനുള്ളിൽ ചെളി വാരി നിറയ്ക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 300 മീറ്റർ നീളത്തിലാണ് പ്രവൃത്തി നടത്തുന്നത്. തുടർന്ന് ബാക്കിയുള്ള ഭാഗത്തും ഇതേ രീതിയിൽ പണി തുടരും. തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുള്ള 4 ലക്ഷം രൂപയും പഞ്ചായത്തിന്റെ ബയോ ഡൈവേഴ്സിറ്റി ഫണ്ടിൽ നിന്നുള്ള ഒരു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതി വഴി 757 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും കഴിയും. 35 സ്ത്രീകളും ഒരു പുരുഷനും ചേർന്ന് യന്ത്രങ്ങളുടെ സഹായമില്ലാതെയാണ് പണി നടത്തുന്നത്. പ്രവൃത്തി വിലയിരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സൗരഭ് ജെയ്ൻ, കേന്ദ്ര ഭൂഗർഭ ജല ബോർഡ് ശാസ്ത്രജ്ഞ ബിന്ദു.ജെ.വിജു, വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രീതി മേനോൻ, കെ.കബീർ, ഷിഹാബ് ഇരുകുളങ്ങര, സി.വി.മുഹമ്മദ് അസ്‍ലം, ഫാത്തിമ തസ്നിം, കെ.രാജേഷ്, ഇ.ഫയാസ്, സുഹറ ആസിഫ്, ഷാജിത മാപ്പാല, ഹസ്പ്ര യഹിയ, ടി.ബിനു കെ.സതീശ് കുമാർ, പി.പി.മുഹമ്മദ് അസ്കർ എന്നിവരടങ്ങിയ സംഘം ഇന്നലെ സ്ഥലം സന്ദർശിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *