പൊന്നാനി : അശരണരെ സഹായിക്കാൻ ഭക്ഷ്യമേള സംഘടിപ്പിച്ച് വിദ്യാർഥികൾ. പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഭക്ഷ്യമേള ഒരുക്കിയത്. എൻ.എസ്.എസുകാരും ഗൈഡ്‌സുകാരും സൗഹൃദക്ലബ്ബും ചേർന്നാണ് മേള സംഘടിപ്പിച്ചത്.
പുതിയതും പരമ്പരാഗതവുമായ അപ്പങ്ങൾ മേളയിലുണ്ടായിരുന്നു. മുട്ടമാല, മുട്ട സുർക്ക, ചിരട്ടമാല, സമൂസ, മുട്ടപ്പത്തിരി, ചട്ടിപ്പത്തിരി, ഇറച്ചി പത്തിരി തുടങ്ങി നൂറോളം വിഭവങ്ങളുമായാണ് വിദ്യാർഥികൾ സ്കൂളിലെത്തിയത്.
നിരാലംബരായ മനുഷ്യർക്ക് ആശ്വാസമേകാൻ മൂന്ന് മണിക്കൂർകൊണ്ട് പതിനൊന്നായിരം രൂപയാണ് സമാഹരിച്ചത്. വിൽപ്പനയിൽ കിട്ടിയ പണം മുഴുവൻ ആശ്രയമറ്റ മനുഷ്യർക്കായി നൽകി.
പ്രിൻസിപ്പൽ കെ. ആസിഫ് ഉദ്ഘാടനംചെയ്തു. അധ്യാപകരായ എ.യു. അസ്മ, കെ.എം. ഫൗസിയ, എം.എം. റഷീദ എന്നിവർ നേതൃത്വംനൽകി.