പൊന്നാനി : ദേശീയപാത ആറുവരിയായി വികസിപ്പിക്കുമ്പോൾ പുതുപൊന്നാനിയിലും ഉറൂബ്‌നഗറിലും അടിപ്പാത നിർമിക്കാമെന്ന് മെട്രോമാൻ ഇ. ശ്രീധരന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉറപ്പ്.
പുതുപൊന്നാനിയിലും ഉറൂബ് നഗറിലും അടിപ്പാത നിർമിച്ചില്ലെങ്കിൽ പ്രദേശവാസികൾക്ക് യാത്രാദുരിതമുണ്ടാകുമെന്ന് അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും കഴിയില്ലെന്ന നിലപാടിലായിരുന്നു ദേശീയപാത അതോറിറ്റി. അടിപ്പാതയ്ക്കായി ഒട്ടേറേ ജനകീയ സമരങ്ങളും അരങ്ങേറി.
ഇരുസ്ഥലത്തും അടിപ്പാത അത്യാവശ്യമാണെന്നു കാണിച്ച് ഇ. ശ്രീധരൻ ദേശീയപാത അതോറിറ്റിക്ക് കത്തയച്ചിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. പൊന്നാനിയിലെ സന്നദ്ധസംഘടനയായ കർമയുടെ പ്രസിഡന്റ് ബഷീറും അഭിഭാഷകനായ കെ.പി. അബ്ദുൽ ജബ്ബാറും ഇ. ശ്രീധരനെ സന്ദർശിച്ച് പരിഹാരം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അദ്ദേഹം കഴിഞ്ഞദിവസം ഡൽഹിയിലെത്തിയപ്പോൾ മന്ത്രിയെ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്.
നാട്ടുകാരുടെയും വിദ്യാർഥികളുടെയും യാത്രാദുരിതം ബോധ്യപ്പെടുത്തിയതോടെ അടിപ്പാത നിർമിക്കാൻ പദ്ധതിയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയായിരുന്നു.