തിരൂർ : സ്പാനുകളുടെ അപകടാവസ്ഥ തുടരുന്നതിനാൽ കൂട്ടായി പാലത്തിലൂടെയുള്ള ഗതാഗതത്തിന് വീണ്ടും നിയന്ത്രണമേർപ്പെടുത്തി. കൂട്ടായി റഗുലേറ്റർ കം ബ്രിജിന്റെ കൂട്ടായി ഭാഗത്തുള്ള തൂണുകൾക്കാണു കേടുപാടുണ്ടെന്നു കഴിഞ്ഞ നവംബറിൽ കണ്ടെത്തിയത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. എന്നാൽ ഇടക്കാലത്ത് നിയന്ത്രണം മാറ്റി. അപകടാവസ്ഥ കൂടിയതിനെ തുടർന്നാണ് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. 2 മീറ്ററിൽ കൂടുതൽ ഉയരമുള്ള വാഹനങ്ങൾക്ക് പാലത്തിലൂടെ പോകാനാകില്ല. ഇത്തരം വാഹനങ്ങൾ തടയുന്നതിനായി പാലത്തിൽ ക്രോസ് ബാറുകൾ സ്ഥാപിച്ചിട്ടുണ്ട്. ‌മംഗലം ഭാഗത്ത് നിന്ന് കൂട്ടായി ഭാഗത്തേക്കുള്ള വണ്ടികൾ ഇനി മുതൽ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞ് ബിപി അങ്ങാടി – അരിക്കാഞ്ചിറ വഴിയോ, പൂങ്ങോട്ടുകുളം – പറവണ്ണ വഴിയോ പോകേണ്ടി വരും. പാലത്തിലൂടെയുള്ള ബസ് സർവീസുകളും നിലയ്ക്കുന്നതിനാൽ ഇത് പ്രാദേശികമായും ഏറെ പ്രയാസങ്ങളുണ്ടാക്കും. മംഗലം ഭാഗത്ത് നിന്ന് കൂട്ടായി ഭാഗത്തേക്ക് നടന്നു പോകാനുള്ള പെരുന്തിരുത്തി – വാടിക്കൽ തൂക്കുപാലവും അടച്ചിട്ടിരിക്കുകയാണ്.

2 വർഷമായി ഇതുവഴിയും ഇരു കരകളിലേക്കും ആളുകൾക്ക് പോയി വരാൻ സാധിക്കുന്നില്ല. സ്കൂൾ, കോളജ്, പഞ്ചായത്ത് ഓഫിസ്, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെത്താൻ ഈ പ്രദേശത്തുള്ളവർക്ക് ഏറെ ചുറ്റേണ്ടി വരും. 15 വർഷം മുൻപാണ് കൂട്ടായി റഗുലേറ്റർ കം ബ്രിജ് നിർമിച്ചത്. പുഴയുടെ വടക്കു ഭാഗത്തേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനാണ് റഗുലേറ്റർ സ്ഥാപിച്ചത്. എന്നാൽ ഇതിലെ ഷട്ടറുകൾ കേടായതിനെ തുടർന്ന് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിനായി 8 കോടി രൂപയും വകയിരുത്തിയിരുന്നു. ഇതിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. ഇതിനിടെയാണ് പാലത്തിന്റെ സ്പാനുകൾക്കും കേടുള്ള വിവരം മനസ്സിലാക്കിയത്. എത്രയും വേഗം കേടുപാടുകൾ തീർത്ത് പാലം തുറക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *