പൊന്നാനി : സി.പി.എം. സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കലാപരിപാടിക്കുശേഷം നഗരസഭാ തൊഴിലാളികൾ സ്ഥലം ശുചീകരിച്ചത് വിവാദത്തിൽ. നഗരസഭയുടെ നടപടിക്കെതിരേ പ്രതിപക്ഷമാണ് രംഗത്തെത്തിയിരിക്കുന്നത്.സി.പി.എം. പൊന്നാനി ഏരിയാ സമ്മേളനത്തിന്റെ അനുബന്ധപരിപാടികളുടെ ഭാഗമായി പട്ടികജാതി ക്ഷേമസമിതി എ.വി. ഹൈസ്‌കൂളിൽ നടത്തിയ നാടൻകലാമേളയ്ക്കുശേഷം ഇവിടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരിക്കാൻ നഗരസഭ ശുചീകരണത്തൊഴിലാളികളെ ഏർപ്പെടുത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.മുൻപ് ബാലസംഘം ജില്ലാസമ്മേളനം നടന്ന സ്ഥലം നഗരസഭ ശുചീകരണത്തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരിച്ചത് വിവാദമായിരുന്നു.പരിപാടിക്കുശേഷം സ്‌കൂൾവളപ്പിലെ മാലിന്യങ്ങളെല്ലാം നഗരസഭയുടെ ശുചീകരണത്തൊഴിലാളികൾ യൂണിഫോമിലെത്തി ശുചീകരിക്കുകയായിരുന്നു. നഗരസഭയുടെ വിവിധ ഭാഗങ്ങൾ ചീഞ്ഞുനാറുമ്പോഴും ഇതൊന്നും ഗൗനിക്കാതെ പാർട്ടി പരിപാടികളുടെ ഭാഗമായുള്ള മാലിന്യങ്ങൾ വൃത്തിയാക്കാൻ തൊഴിലാളികളെ നിയമിച്ചത് ശരിയായില്ലെന്ന് യു.ഡി.എഫ്. കൗൺസിലർമാർ കുറ്റപ്പെടുത്തി.
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിയമിച്ച തൊഴിലാളികളെ പാർട്ടി പരിപാടികൾക്കായി രംഗത്തിറക്കുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പാർട്ടി പരിപാടികൾക്ക് ആളെക്കൂട്ടാനും അവിടത്തെ മാലിന്യങ്ങൾ വൃത്തിയാക്കാനും ചെയർമാൻ കരാർ ഏറ്റെടുത്തിട്ടുണ്ടങ്കിൽ അത് പൊതുജനങ്ങളുടെ ചെലവിൽ വേണ്ടന്നും നഗരസഭാ പ്രതിപക്ഷനേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.അതേസമയം, ഭക്ഷണാവശിഷ്ടങ്ങളടങ്ങുന്ന ജൈവമാലിന്യമാണ് നഗരസഭയുടെ ജീവനക്കാർ നീക്കംചെയ്തതെന്നും സ്‌കൂളുകളിൽ ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുമ്പോൾ നഗരസഭയുടെ ശുചീകരണത്തൊഴിലാളികൾ അവിടെയെത്തി വൃത്തിയാക്കാറുണ്ടെന്നും നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.