എരമംഗലം: പെരുമ്പടപ്പ് പഞ്ചായത്തിന്റെ പൊതുശ്മശാനം മാസങ്ങളായി പ്രവർത്തന രഹിതം. പെരുമ്പടപ്പ് പഞ്ചായത്തിന്റെ അയിരൂർ കുട്ടാടൻ പാടത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച വാതക പൊതുശ്മശാനമാണ് പ്രവർത്തനം നിലച്ചിരിക്കുന്നത്. വാതകം ഉപയോഗിച്ച് മൃതശരീരം സംസ്കരിക്കുന്ന ശ്മശാനത്തിൽ പഞ്ചായത്തിന് അകത്തുനിന്നും പുറത്തുനിന്നും ഉള്ളവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു.മാസങ്ങൾക്ക് മുൻപ് പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും കരാർ കമ്പനിയുമായുള്ള ഉടമ്പടി കാലാവധി കഴിഞ്ഞതുകൊണ്ട് ദഹിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. ശ്മശാനം പ്രവർത്തനരഹിതമായതോടെ 15 കിലോമീറ്റർ ദൂരെയുള്ള പൊന്നാനിയിലെ ശ്മശാനത്തിലേക്കാണ് ഇപ്പോൾ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത്.പഞ്ചായത്ത്, എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ് ശ്മശാനം. ശ്മശാനം അടുത്ത ദിവസം തന്നെ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനം പുനരാരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.