പൊന്നാനി : മിനി സിവിൽ സ്റ്റേഷനിൽ അനക്‌സ് കെട്ടിടം പണിയുന്നതിനായി നഗരം വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റും. 10 കോടിയാണ് അനക്‌സ് നിർമാണത്തിനായി വകയിരുത്തിയിട്ടുള്ളത്.

അരനൂറ്റാണ്ടോളം പഴക്കമുള്ള വില്ലേജ് ഓഫീസ് കെട്ടിടം, സിവിൽ സ്റ്റേഷൻ കാർപോർച്ച്, ചുറ്റുമതിലിന്റെ കിഴക്കുഭാഗം എന്നിവയാണ് പൊളിച്ചു നീക്കുക. കെട്ടിടം പൊളിച്ചുമാറ്റി സാധനസാമഗ്രികളുടെ ലേലം 27-ന് രാവിലെ 11-ന് നടക്കും.

അതേസമയം പൊളിച്ചു മാറ്റുന്ന വില്ലേജ് ഓഫീസ് എങ്ങോട്ട് മാറ്റുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

നേരത്തേ ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം പ്രവർത്തിച്ചിരുന്ന ഓഫീസിലേക്ക് മാറ്റാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ, ഈ സ്ഥലം കോടതി കെട്ടിടത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ചന്തപ്പടിയിലെ പി.ഡബ്ല്യു.ഡി. വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസ് മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും കിലോമീറ്ററുകൾ ദൂരെ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നതിനുള്ള പ്രായോഗിക തടസ്സവുമുണ്ട്.

പൊന്നാനി മിനി സിവിൽസ്റ്റേഷൻ കോമ്പൗണ്ടിൽ തെക്കു ഭാഗത്തായാണ് അനക്‌സ് കെട്ടിടം നിർമിക്കാൻ ധാരണയായിട്ടുള്ളത്.

പൊന്നാനി വില്ലേജ് ഓഫീസ് പൊളിച്ചുമാറ്റി ഈ സ്ഥലംകൂടി ഏറ്റെടുത്ത് മൂന്നുനിലക്കെട്ടിടം നിർമിക്കാനാണ് തീരുമാനം.

പന്ത്രണ്ടോളം ഓഫീസുകൾ പ്രവർത്തിക്കാൻ കഴിയുന്ന രൂപത്തിലായിരിക്കും കെട്ടിടം നിർമിക്കുക.

മിനി സിവിൽസ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും കെട്ടിടത്തിന്റെ ഘടന. പൊന്നാനി കോടതി കെട്ടിടം ശോചനീയമായതിനാൽ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകളെല്ലാം പുതിയ കെട്ടിടത്തിലേക്കു മാറ്റാനാകും.

കൂടാതെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി, കോടതി കെട്ടിടത്തിലെ ലീഗൽ മെട്രോളജി ഓഫീസ് , നഗരസഭ കാര്യാലയത്തിലേക്കു മാറിയ ഐ.സി.ഡി.എസ്. ഓഫീസ്, താലൂക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് എന്നിവയെല്ലാം അനക്‌സ് കെട്ടിടത്തിലേക്കു മാറ്റാനാകും

Related Post

Leave a Reply

Your email address will not be published. Required fields are marked *