എടപ്പാൾ : ജനസഹസ്രങ്ങളെത്തുന്ന ശുകപുരം കുളങ്കര താലപ്പൊലിക്ക് ഇനി ഒരുമാസം മാത്രം. ഉത്സവത്തിനു മുൻപ് റോഡ് ടാർ ചെയ്യുമെന്നാണ് ഓരോ തവണയും പറയുന്നത്. ഇത്തവണയും പറഞ്ഞത് അങ്ങനെതന്നെ. എന്നാൽ നടപടിയില്ല.ശുകപുരം കുളങ്കര, ദക്ഷിണാമൂർത്തി, ചമ്പ്രമാണം ക്ഷേത്രങ്ങൾ, നെല്ലിശ്ശേരി ഐ.എച്ച്.ആർ.ഡി. കോളേജ്, സംസ്ഥാനപാതയിലെ നടുവട്ടം അങ്ങാടി, പാലക്കാട് ജില്ലയിലെ കാഞ്ഞിരത്താണി തുടങ്ങി വിവിധ പ്രദേശങ്ങളിലേക്കുള്ള എളുപ്പവഴിയാണ് ശുകപുരം റോഡ്. തിരക്കേറിയ എടപ്പാൾ ടൗണിലെത്താതെ വട്ടംകുളം ഭാഗത്തുനിന്ന് വരുന്നവർക്ക് സംസ്ഥാന പാതയിലെത്താനുള്ള വഴിയുമാണിത്. നേരത്തെ കെ.ടി. ജലീൽ എം.എൽ.എ. അനുവദിച്ച ഫണ്ടുപയോഗിച്ച് പകുതി ഭാഗം ടാർ ചെയ്തിരുന്നു. അതും പലയിടത്തും ഇപ്പോൾ തകർന്നു തുടങ്ങി. റോഡ് നിർമാണത്തിലെ വീഴ്ചയിൽ അന്നുതന്നെ വ്യാപക പരാതിയുമുയർന്നിരുന്നു. ശേഷിക്കുന്ന ഭാഗവും ടാർചെയ്യുമെന്ന് പറഞ്ഞ് കെ.ടി. ജലീൽ തന്നെ 25 ലക്ഷം രൂപ അനുവദിച്ച് കരാർ നൽകി. ജൽ ജീവൻ മിഷൻ പദ്ധതിക്കായി റോഡിലാകെ ചാൽ കീറിയതോടെ പാസാക്കിയ തുകയ്ക്ക് റോഡ് നിർമാണം കഴിയില്ലെന്നു പറഞ്ഞ് കരാറുകാരൻ കൈയൊഴിഞ്ഞു. ഇതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. കിട്ടിയ പണവും റോഡും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്.
കോൺഗ്രസ് പ്രതിഷേധം പുനരാരംഭിക്കും
റോഡിന്റെ ദുരവസ്ഥക്കെതിരേ പ്രതിഷേധസംഗമം നടത്തിയ കോൺഗ്രസ് സമരത്തിലേക്കു നീങ്ങാനുള്ള തീരുമാനത്തിലാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റിയിൽ നടത്തിയ ചർച്ചയിൽ ഡിസംബർ പത്തിനകം തകർന്നു കിടക്കുന്ന റോഡുകളുടെ അവസ്ഥ പരിഹരിക്കുമെന്ന് ഉറപ്പുകിട്ടിയിരുന്നതായി നേതാക്കൾ പറഞ്ഞു.അതു പ്രതീക്ഷിച്ചാണ് സമരം തത്കാലം മാറ്റിവെച്ചത്. പത്തിനുശേഷവും സ്ഥിതിയിൽ മാറ്റമില്ലെങ്കിൽ ഉപവാസമടക്കമുള്ള സമരങ്ങളുമായി രംഗത്തിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.