എരമംഗലം:എൽഡിഎഫ് സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ പ്രസിഡന്റിന്റെ നിലപാട് കാടച്ചു വെടിവെക്കുന്നതാണെന്നും പ്രസിഡന്റിനെ തുറന്ന സംവാദത്തിന് ഞങ്ങൾ വെല്ലുവിളിക്കുകയാണെന്നും വെളിയംകോട് ഗ്രാമപഞ്ചായത്ത് സിപിഎം മെമ്പര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2020 ൽ അംഗീകരിച്ച ലൈഫ് പട്ടികയിൽ 448 ഗുണഭോക്താകളിൽ ആകെ 207 പേർക്കാണ് ആദ്യ ഗഡു ധനസഹായം ലഭ്യമാക്കിയിട്ടുള്ളതെന്നും ബാക്കി കരാർ വച്ചതിൽ 210 പേർക്ക് ഇതുവരെ ധനസഹായം ലഭ്യമായിട്ടില്ലെന്നും ഇക്കാര്യങ്ങൾ പ്രസിഡണ്ട് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്നും സിപിഎം മെമ്പര്‍മാര്‍ പറഞ്ഞു 210 പേർ ഗഡു നിഷേധിച്ചതും ബാക്കിയുള്ളവർക്ക് വീടിന്റെ ധനസഹായം കൃത്യമായി നൽകാൻ സാധിക്കാത്തതിലും പിന്നിൽ പഞ്ചായത്ത് പ്രസിഡന്റ് നഗ്നമായ രാഷ്ട്രീയ കളിയാണ് വ്യക്തമാകുന്നത്.ആകെ 448 ഗുണഭോക്താക്കൾ ഉള്ളതിൽ പൂർത്തീകരിച്ചത് 71 പേർ മാത്രമാണ് അതോ ആദ്യഗഡു കൊടുത്തത് 207 പേർക്കാണ്.ബാക്കിയുള്ള 210 പേർക്ക് ഒരു നയാ പൈസ പോലും കൊടുത്തിട്ടില്ല.ഇതിനെയാണ് പ്രസിഡണ്ട് കണ്ണടച്ച് ഇരുട്ടാക്കുന്നത്.തൊട്ടടുത്ത പഞ്ചായത്തുകളിൽ ലൈഫ് പദ്ധതി പൂർത്തീകരിച്ചു.പ്രസിഡന്റിന്റെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാത രാഷ്ട്രീയ കളിയും കൊണ്ടാണ് ഈ പദ്ധതിയിൽ അനന്തമായി നീട്ടി കൊണ്ടുപോയിട്ടുള്ളത്.പഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റ് പദ്ധതികൾ തകിടം മറിച്ചു. പുതിയ ലൈറ്റുകൾ സ്ഥാപിക്കാൻ ടെൻഡർ നടത്തിയെങ്കിലും ഇതുവരെ ഈ പദ്ധതി തുടങ്ങാൻ കഴിഞ്ഞിട്ടില്ല കഴിഞ്ഞ നാല് വർഷമായി ഒരു പുതിയ ലൈറ്റ് പേരിനു പോലും സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ഹരിതവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ എംസിഎഫ് ഇതുവരെ സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥരെ മാന്യമായ രീതിയിൽ പണിയെടുക്കാൻ അനുവദിക്കുന്നില്ലെന്നും ഇതു കാരണം ഉദ്യോഗസ്ഥർ സ്വന്തം താല്പര്യ പ്രകാരം ട്രാൻസ്ഫർ മേടിച്ചു പോകുന്ന അവസ്ഥയാണെന്നും പഞ്ചായത്തിലെ പ്രധാന വിഷയമായ സ്മശാനം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്ക് മരണപ്പെട്ടവരെ സംസ്കരിക്കാനുള്ള സൗകര്യം ഇന്നുവരെ കൊണ്ടുവരാൻ ഭരണസമിതിക്ക് ആയിട്ടില്ലെന്നും മെമ്പര്‍മാര്‍ പറഞ്ഞു റോഡുകളുടെ ശോചനീയാവസ്ഥ ഇതുവരെ പരിഹരിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ല.ജലജീവൻ പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് ടെൻഡർ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല. സംസ്ഥാന ഗവണ്‍മെന്റിന്റെ കുടിവെള്ളം,ശുചിത്വം, ടൂറിസും ഈ മേഖലക്ക് അനുവദിച്ച 10 കോടിയുടെ ഗ്രാൻഡ് കൃത്യമായി തപാലുകളോ മെയിലുകളോ ചെക്ക് ചെയ്തു നോക്കാത്തതിന്റെ അടിസ്ഥാനത്തിൽ ലാപ്സ് ആക്കി കളഞ്ഞ ഏക പഞ്ചായത്താണ് വെളിയംകോട് പഞ്ചായത്ത് എന്നും ശുചിതവുമായി ബന്ധപ്പെട്ട് ഒരു അനുബന്ധയോഗങ്ങളും വിളിച്ചു ചേർക്കുന്നില്ലെന്നും പഞ്ചായത്തിൽ പ്രസിഡന്റിന്റെ വാർഡുകൾ അടക്കം ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടർന്നു പിടിക്കുകയാണെന്നും മെമ്പര്‍മാര്‍ പറഞ്ഞു.പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കും പ്രസിഡന്റിന്റെ ധാർഷ്ട്യത്തിനും എതിരെ തുറന്ന സമരം തന്നെയാണ് തീരുമാനമെന്നും സിപിഎം മെമ്പര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വാർത്താസമ്മേളനത്തിൽ എൻ കെ ഹുസൈൻ, പി പ്രിയ,കെ വേലായുധൻ,താഹിർ തണ്ണിത്തുറക്കൽ, സബിത പുന്നക്കൽ തുടങ്ങിയവര്‍ പങ്കെടുത്തു