കുറ്റിപ്പുറം : തിരൂർ റോഡിൽ രാങ്ങാട്ടൂർ വരെയുള്ള കുഴികൾ താത്കാലികമായി നികത്തി.വ്യാഴാഴ്ചയാണ് പൊതുമരാമത്തുവകുപ്പ് താത്കാലിക ഓട്ടയടയ്ക്കൽ നടത്തിയത്. ചെമ്പിക്കൽ ഹംസപ്പടി, മഞ്ചാടി എന്നിവിടങ്ങളിലെ റോഡിലെ വലിയ കുഴികളിൽ വാഹനങ്ങൾ അകപ്പെട്ട് ഇതിനകം ഏറെപേർക്ക് പരിക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി ഹംസപ്പടിയിലെ കുഴിയിൽ ബൈക്ക് വീണ് ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. അതിനുമുൻപ് മഞ്ചാടിയിലെ കുഴിയിൽപ്പെട്ട കാർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ചും അപകടമുണ്ടായിരുന്നു.റോഡിന്റെ ദുരവസ്ഥ സംബന്ധിച്ച് മാതൃഭൂമി പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. താത്കാലികമായെങ്കിലും കുഴികൾ നികത്തിയതിന്റെ ആശ്വാസത്തിലാണ് വാഹനയാത്രക്കാർ.