കുറ്റിപ്പുറം : ദേശീയപാത 66-ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള സർവീസ് റോഡുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം ആരംഭിച്ചു. ജില്ലയിൽ 30 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് നിർമിക്കുന്നത്.അഞ്ചു മീറ്റർ നീളത്തിലും രണ്ടു മീറ്റർ വീതിയിലുമായാണ് നിർമാണം. ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ രാത്രി യാത്രക്കാർക്ക് സുരക്ഷിതമായി നിൽക്കാൻ വെളിച്ച സൗകര്യം ഏർപ്പെടുത്തും.മൂന്ന് ഭാഗത്തായി സുഖകരമായി ഇരിക്കുവാൻ ഇരിപ്പിടവും ഇരിപ്പിടങ്ങൾക്ക് പിറകിലായി സുരക്ഷയ്ക്കായി സ്റ്റീൽ പൈപ്പും സ്ഥാപിക്കും. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിർമാണം അടുത്ത മാർച്ചോടെ പൂർത്തിയാകും. പൊന്നാനി, തിരൂർ ജോ.ആർ.ടി.ഒ.മാർ പരിശോധന നടത്തിയാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ സ്ഥാനം നിർണയിച്ചത്.എന്നാൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിർമാണം ആരംഭിച്ചതോടെ പലയിടത്തും പ്രതിഷേധവും ഉയരുന്നുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നത് വീടുകൾക്കും കച്ചവടകേന്ദ്രങ്ങൾക്കും ബുദ്ധിമുട്ടാകുമെന്നു പറഞ്ഞാണ് ചിലയിടത്ത് പ്രതിഷേധം ഉയർത്തുന്നത്.