തിരൂർ : നഗരത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ പൂക്കയിൽ വെച്ച് ചരക്ക് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായ പരിക്കേറ്റത് നാടിനെ നടുക്കി. ഇതിനുമുൻപ് നടുവിലങ്ങാടിയിലും റോഡ് മുറിച്ചുകടക്കുമ്പോൾ അപകടമരണവുമുണ്ടായിട്ടുണ്ട്. തിരൂർ നഗരത്തിൽ റോഡ് മുറിച്ചുകടക്കാൻ കാൽനടക്കാർ ഏറെ പ്രയാസപ്പെടുകയാണ്. ജീവൻ പണയംവെച്ചാണ് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നത്.സീബ്രാലൈനിലൂടെ കാൽനടക്കാരൻ റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കുകളും മറ്റു വാഹനങ്ങളും നിർത്താതെപോകുന്നത് പതിവാണ്. കഴിഞ്ഞദിവസം തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് മുൻപിലെ സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടയിൽ വിദ്യാർഥിക്ക് ബൈക്ക് തട്ടി കാലിന് പരിക്കേറ്റിരുന്നു. ഇതിനുപുറമേ സീബ്രാലൈനിന് സമീപംവെച്ച് സ്കൂട്ടർ യാത്രക്കാരിയെ അശ്രദ്ധയോടെ പോയ ലോറി ഇടിക്കുമായിരുന്നെങ്കിലും അത്ഭുതകരമായി സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടു.തിരൂർ താഴെപ്പാലം മുതൽ ബസ്‌സ്റ്റാൻഡ് വരെയുള്ള റോഡിൽ സീബ്രാലൈനിൽ വാഹനങ്ങൾ കാൽനടക്കാരന് കടന്നുപോകാൻ സൗകര്യമൊരുക്കാതെ കടന്നുപോകുന്നത് നിത്യ കാഴ്ചയാണ്.