പൊന്നാനി : ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡ് അടച്ചതോടെ കൊല്ലൻപടി ഭാഗത്തെ ബസുകൾ കൈയൊഴിഞ്ഞു. ഇതോടെ നാട്ടുകാർ രംഗത്തിറങ്ങുകയും വഴിമാറിപ്പോയ ബസുകൾ തടയുകയും ചെയ്തു. പ്രതിഷേധത്തിനൊടുവിൽ ബസ് സർവീസ് പുനരാരംഭിച്ചു.പൊന്നാനി സ്റ്റാൻഡിൽനിന്ന് വരുന്ന ബസുകൾ ഉറൂബ് നഗറിൽ ദേശീയപാത മറികടന്നുവേണം ചന്തപ്പടിയിലെത്താൻ.ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഉറൂബ് നഗറിൽ റോഡ് അടച്ചതോടെയാണ് ബസുകൾ കൊല്ലൻപടി ഭാഗത്തെ ഒഴിവാക്കി സർവീസ് നടത്തിയത്.കൊല്ലൻപടി വഴി ഉറൂബ് നഗറിലെത്തുന്ന ബസുകൾ സർവീസ് റോഡ്‌ വഴി പള്ളപ്രം പാലത്തിനടിയിലൂടെ ദേശീയപാതയുടെ മറുവശത്തേക്ക്‌ കടന്ന് ചന്തപ്പടി വഴി യാത്ര തുടരണമെന്നാണ് അധികൃതർ നൽകിയ നിർദേശം.ഇത് അവഗണിച്ചാണ് കൊല്ലൻപടി ഭാഗത്തെ ഒഴിവാക്കി ബസുകൾ സർവീസ് നടത്തിയത്.കൊല്ലൻപടി വഴിയുള്ള സർവീസ് ഒഴിവാക്കിയതോടെ പള്ളപ്രം, കടവനാട്, കറുകത്തിരുത്തി മേഖലയിലുള്ള യാത്രക്കാർ വലഞ്ഞു. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. യാതൊരു മുന്നറിയിപ്പും നൽകാതെ ബസുകൾ ഓട്ടം നിർത്തിവെച്ചതോടെ ഡി.സി.സി. അംഗം പുന്നക്കൽ സുരേഷിന്റെ നേതൃത്വത്തിൽ ബസുകൾ തടഞ്ഞു.ഇതിനിടെ നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിൽ ജോ. ആർ.ടി.ഒ.യെ സന്ദർശിച്ച് ബസുകൾ കൊല്ലൻപടിവഴി സർവീസ് നടത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, കൗൺസിലർ സുരേഷ് കുമാർ, ഗോപി ദാസ്, സതീഷ് എന്നിവരും കൂടെയുണ്ടായിരുന്നു. തുടർന്ന് ബസുകൾ കൊല്ലൻപടി വഴി സർവീസ് പുനരാരംഭിക്കാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തു.

കളക്ടർക്ക് പരാതി നൽകി കോൺഗ്രസ്

പൊന്നാനി : കൊല്ലൻപടി വഴിയുള്ള ബസ് സർവീസ്‌ നിർത്തിവെച്ച നടപടിയിൽ കളക്ടർ ഇടപെടണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി പരാതി നൽകി.കടവനാട്, കൊല്ലൻപടി, പള്ളപ്രം, കറുകത്തിരുത്തി പ്രദേശത്തെ ജനങ്ങളുടെ യാത്രാബുദ്ധിമുട്ടുകൾക്ക് യാതൊരു നടപടിയും സ്വീകരിക്കാത്ത നഗരസഭയും എം.എൽ.എ.യും ജനങ്ങളോട് മാപ്പ് പറയണമെന്ന് മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പുന്നയ്ക്കൽ സുരേഷ്, ജെ.പി. വേലായുധൻ, എ. പവിത്രകുമാർ, എം. അബ്ദുല്ലത്തീഫ്, ടി.വി.എം. അബ്ദുറഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *