എരമംഗലം : എൻ.സി.പി. സംസ്ഥാനസമിതിയംഗവും ആരോഗ്യ-ജീവകാര്യണ്യ പ്രവർത്തകനുമായിരുന്ന എം.ടി. ബഷീറിന്റെ സ്മരണക്കായി എം.ടി. ബഷീർ സ്മാരക വേദി ഏർപ്പെടുത്തിയ സ്മാരക പുരസ്‌കാരം വനം മന്ത്രി എ.കെ. ശശീന്ദ്രനിൽനിന്ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഏറ്റുവാങ്ങി.രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനമേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. മാറഞ്ചേരി മാസ്റ്റർപടി എം.യു.എം.എൽ.പി. സ്‌കൂളിൽ നടന്ന എം.ടി. ബഷീർ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.രാജ്യത്തെ ഭരണസംവിധാനം പടിപടിയായി തകരുകയാണെന്നും ഇത്രമാത്രം വിവേചനപരമായി പെരുമാറിയ ഒരു സർക്കാർ കേന്ദ്രത്തിലുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്മാരക വേദി ചെയർമാൻ ഇ. അബ്ദുൽ നാസർ അധ്യക്ഷനായി. മാറഞ്ചേരി പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ലീന മുഹമ്മദാലി പുരസ്‌കാരജേതാവിനെ പരിചയപ്പെടുത്തി.എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. ശിവശങ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ, എ.കെ. ആലി, ടി. അബ്ദു, ടി.കെ. അബ്ദുൽ റഷീദ്, റിട്ട. അധ്യാപകൻ വി. ഇസ്മായിൽ, അബ്ദുലത്തീഫ് സുല്ലമി, ഒ.വി. ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.