തിരൂർ : ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് ഒ.പി. ടിക്കറ്റിന് കടുത്തനിയന്ത്രണം ഏർപ്പെടുത്തിയതോടെ മണിക്കൂറുകളോളം ഡോക്ടറെ കാണിക്കാൻ ഒ.പി. ടിക്കറ്റ് ക്യൂ നിന്ന് നൂറുകണക്കിന് രോഗികൾ തിരിച്ചുപോകുന്നു.രോഗികളും ഒ.പി. ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റം നിത്യസംഭവവുമായി. തീരപ്രദേശത്തെ പഞ്ചായത്തുകളിലെയും തിരൂർ, നഗരസഭകളിലെയും നിർധന രോഗികളുടെയും ഏക ചികിത്സാ കേന്ദ്രമാണ് തിരൂർ ജില്ലാ ആശുപത്രി.ഒ.പി. ടിക്കറ്റിന് മൂന്നു കൗണ്ടറുകളാണിവിടെ പ്രവർത്തിക്കുന്നത്. 1400 മുതൽ 1900 രോഗികൾ വരെ ദിവസവും ഇവിടെ ചികിത്സതേടാറുണ്ട്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം ഡോക്ടർക്ക് ദിവസം 100 ടോക്കൺ മാത്രമാണ് നൽകുന്നത്.മെഡിസിൻ ഒ.പി.യിലേക്ക് 50 ടിക്കറ്റും സർജറി വിഭാഗത്തിൽ 130 ഒ.പി. ടിക്കറ്റും മാത്രമാണ് നൽകിവരുന്നത്.പനി ബാധിച്ച് നിരവധി പേർ ദിവസം ഇവിടെ ചികിത്സതേടിയെത്തുന്നുമുണ്ട്.
തീരാതെ പരാധീനതകൾ
:കാലമേറെയായിട്ടും ജില്ലാ ആശുപത്രിയിലെ പരാധീനതകൾ തീരാതിരിക്കുമ്പോഴും രോഗികൾ വലയുകയാണ്. കാലത്ത് ഏഴിന് തന്നെ ആശുപത്രിയിലെത്തുന്ന രോഗകൾക്ക് മണിക്കുറുകളോളം വരി നിന്ന് ഒ.പി ടിക്കറ്റ് എടുത്ത ശേഷം ഡോക്ടറെ കാണാൻ വീണ്ടും ഏറെ നേരം വരിനിൽക്കേണ്ട അവസ്ഥയാണ്. ജില്ലാ ആശുപത്രിയിലെ എക്സ് റേ യന്ത്രം പ്രവർത്തനരഹിതമായിട്ട് നാളേറെയായെങ്കിലും പുതിയത് സ്ഥാപിക്കാത്തതും രോഗികളെ വലയ്ക്കുന്നു.ആശുപത്രിയിലെ ഒാങ്കോളജി കെട്ടിടം പണി പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതു തുറന്നു കൊടുക്കാനുള്ള നടപടികൾ ഇതുവരെയുണ്ടായിട്ടില്ല. രോഗികൾക്കും ഡോക്ടർമാർക്കും സുരക്ഷ നൽകാനുള്ള പോലീസ് എയിഡ് പോസ്റ്റ് നിർത്തലാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്തത് സുരക്ഷ സംബന്ധിച്ച ആശങ്കകൾക്കും കാരണമാവുന്നു