കുറ്റിപ്പുറം : ദേശീയപാത 66-ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ കോമ്പോസിറ്റ് ഗർഡർ ജനുവരി 25-ന് സ്ഥാപിക്കും. ജനുവരി 20 ഒാടെ നിർമാണം പൂർത്തിയാകും.രാത്രിസമയത്ത് തീവണ്ടികൾ കടന്നുപോകുന്നത് കുറവുള്ള സമയംനോക്കിയാണ് കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുക. അഞ്ചു മണിക്കൂർ സമയമെങ്കിലും കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കാനായി ആവശ്യമായി വരും. റെയിൽവേയുമായി സഹകരിച്ചാണ് ഇതിനായുള്ള സമയം തിരഞ്ഞെടുക്കുക.
റെയിൽവേ മേൽപ്പാലത്തിന്റെ റെയിൽപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഭാഗത്തു സ്ഥാപിക്കുന്ന ‘റ’ അകൃതിയിലുള്ളതാണ് കോമ്പോസിറ്റ് ഗർഡർ. സ്റ്റീലും കോൺക്രീറ്റും സമ്മിശ്രമായി ഉപയോഗിച്ചാണ് ഇതു നിർമിക്കുന്നത്. കോമ്പോസിറ്റ് ഗർഡറിന്റെ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗമാണ് കോൺക്രീറ്റിൽ നിർമിക്കുന്നത്. ബാക്കി ഭാഗങ്ങളെല്ലാം സ്റ്റീലിൽ ആണ് നിർമിക്കുന്നത്. റെയിൽവേയുടെ പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നിർമാണരീതി നടപ്പാക്കുന്നത്. കോമ്പോസിറ്റ് ഗർഡർ 63.7 മീറ്റർ നീളത്തിലും 16 മീറ്റർ വീതിയിലുമാണ്. നാലു വരിപ്പാതയിൽ നിർമിക്കുന്ന പുതിയ റെയിൽവെ മേൽപ്പാലത്തിന്റെ കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുന്ന ഭാഗത്ത് മൂന്നു വരിപ്പാത മാത്രമാണ് ഉണ്ടാവുക.