ചങ്ങരംകുളം ∙ ആലങ്കോട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം. സിപിഎമ്മിലെ കെ.കെ.അബ്ദുറഹ്മാൻ 410 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 18ാം വാർഡ് പെരുമുക്കിൽ കോൺഗ്രസിന്റെ അലി പരുവിങ്ങലിനെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 44 വോട്ടിനു പരാജയപ്പെട്ട അബ്ദുറഹ്മാൻ തന്നെയാണ് ഇത്തവണയും മത്സരിച്ചത്. ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ഹക്കീം പെരുമുക്ക് പ്രതിയായതിനെ തുടർന്ന് അംഗത്വം രാജിവച്ച ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്.ആലങ്കോട് പഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ പൂർത്തിയായതോടെ എൽഡിഎഫ് പ്രവർത്തകർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. എൽഡിഎഫ് ഭരിക്കുന്ന ആലങ്കോട് പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ എൽഡിഎഫ് 11 യുഡിഎഫ് 8 എന്ന നിലയിലായി.