തിരുനാവായ : ജലസ്രോതസ്സായ എടക്കുളം ചീർപ്പുംകുണ്ട് ഭാഗത്ത് മാലിന്യസംഭരണ കേന്ദ്രം നിർമിക്കാനുള്ള പഞ്ചായത്തിന്റെ നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്. ഇന്നലെ സർവകക്ഷി യോഗം ചേർന്ന് പഞ്ചായത്തിന്റെ നീക്കത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു. എടക്കുളം ചീർപ്പുംകുണ്ട് തിരുനാവായയിലെ ഏറ്റവും വലിയ ജലസംഭരണികളിൽ ഒന്നാണ്. കർഷകർ കൃഷി സ്ഥലത്തേക്ക് വെള്ളം കൊണ്ടുപോകുന്നതും ഇവിടെ നിന്നാണ്. ഇതിനോടു ചേർന്ന സ്ഥലത്താണ് പഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാൻ ആലോചിക്കുന്നത്. ഇത് പ്രദേശത്തിനു ദോഷം ചെയ്യുമെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് ബസ് സ്റ്റാൻഡ് നിർമിക്കാൻ മുൻപ് ആലോചിച്ചിരുന്നു. ചില സർക്കാർ സ്ഥാപനങ്ങൾക്കുള്ള ആലോചനകളും നടന്നിരുന്നു.
മാലിന്യ കേന്ദ്രം വന്നാൽ ഇത്തരം നിർമാണങ്ങൾക്ക് ഭാവിയിൽ സാധ്യതയുണ്ടാവില്ലെന്നും നാട്ടുകാർ പറയുന്നു. നിലവിൽ തിരുനാവായ അങ്ങാടിയിൽ പഞ്ചായത്തിന്റെ തന്നെ സ്ഥലത്താണ് മാലിന്യം സംഭരിക്കുന്നത്. 8, 10, 17, 18 വാർഡുകളിലെയും സമീപ വാർഡുകളിലെയും ജനങ്ങൾ യോഗത്തിൽ പങ്കെടുത്തു. മാലിന്യ കേന്ദ്രം കൊണ്ടുവരാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. യോഗം ഇ.പി.മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ.അബൂബക്കർ മൗലവി ആധ്യക്ഷ്യം വഹിച്ചു. സി.വി.അനീഷ, വി.റഷീദ്, വി.മൊയ്തീൻ, എൻ.പി.ഷരീഫ്, കെ.പി.ഖമറുൽ ഇസ്‍ലാം, സി.വി.നൗഷാദ്, സി.വി.ഷാജി, അവറാങ്കൽ മൊയ്തീൻകുട്ടി, സി.പി.കുഞ്ഞാലൻകുട്ടി ഗുരുക്കൾ, കെ.പി.ദാസൻ എന്നിവർ പ്രസംഗിച്ചു.