തിരുനാവായ : റെഡ് ഡേറ്റാ ലിസ്റ്റിൽ ഉൾപ്പെട്ട വെള്ള അരിവാൾ കൊക്കൻ (ബ്ലാക്ക് ഹെഡഡ് ഐബിസ്) നീർപക്ഷികൾ തിരുനാവായയിൽ കൂടുകൂട്ടുന്നു.വംശനാശഭീഷണി നേരിടുന്ന ഇവയുടെ ജില്ലയിലെ ഏക കോളനി ഇവിടെയാണ്. രണ്ടുവർഷം മുൻപ് തിരുനാവായയിലെ പല്ലാർ ഭാഗത്ത് ചെറിയതോതിൽ കൂടുവെച്ചുതുടങ്ങിയതായി ജന്തുശാസ്ത്ര അധ്യാപിക ഡോ. ബിനു ചുള്ളക്കാട്ടിൽ കണ്ടെത്തിയിരുന്നു. ഇവിടെയുള്ള താമരക്കായലുകളിൽ വർഷം മുഴുവൻ വെള്ളക്കെട്ടുകാരണം ജലജീവികൾ കൂടുന്നതും നെൽക്കൃഷിക്കായി നിലം ഉഴുമ്പോൾ ആവശ്യമായ ഭക്ഷണം വേണ്ടപോലെ കിട്ടുമെന്നതുമാണ് കൊക്കുകളെ ഇവിടേക്കാകർഷിക്കുന്നത്.പക്ഷിപ്രേമികൾക്ക് ഇത് മനോഹര കാഴ്ചയാണ്. നീളമുള്ളതും വളഞ്ഞതുമായ കറുത്ത ചുണ്ടുകളുള്ള ഇവയുടെ ചിറകിന് വെളുത്ത നിറമാണ്. കൂട്ടമായാണ് ഇവ ഇരതേടുന്നതും സഞ്ചരിക്കുന്നതും കൂടുകൂട്ടുന്നതും. ഓഗസ്റ്റിൽ കൂടുവെക്കാൻ തുടങ്ങും.ഈ വർഷം തിരുനാവായ, എടക്കുളം ഭാഗങ്ങളിലായി ഇവയുടെ മുപ്പതിലധികം കൂടുകൾ കണ്ടെത്താൻ കഴിഞ്ഞതായി പക്ഷിഗവേഷകയും കേരള ഹെറോൺ റീസർവേ ജില്ലാ കോഡിനേറ്ററുമായ ശ്രീനില പറഞ്ഞു.ചതുപ്പുകൾ, പാടങ്ങൾ, തടാകങ്ങൾ, നദീതീരങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷണത്തിനായി ഇവയെത്തുന്നു. ഇവയുടെ വാസസ്ഥലം തകരാതിരിക്കാനും കൂടുതൽ സുരക്ഷ നൽകാനും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പക്ഷിനിരീക്ഷകനും അധ്യാപകനുമായ സൽമാൻ കരിമ്പനക്കൽ അഭിപ്രായപ്പെട്ടു.വംശനാശഭീഷണി നേരിടുന്ന ചേരാക്കോഴികളും (ഓറിയന്റൽ ഡാർട്ടർ) ഇവിടെ കൂടുവെക്കുന്നുണ്ട്. കൂടാതെ ഓപ്പൺ ബിൽഡ് സ്റ്റോർകിന്റെ (ചേരാകൊക്കൻ) കേരളത്തിലെ ഏറ്റവും കൂടുതൽ കൊറ്റില്ലങ്ങളും ഇവിടെയാണ്. ചെമ്പൻ അരിവാൾ കൊക്കുകൾ, വർണക്കൊക്കുകൾ, താമരക്കോഴികൾ, പെരുമുണ്ടി, ചിന്നമുണ്ടി, ചെറുമുണ്ടി, കാലിമുണ്ടി, നീർകാക്കകൾ, നീലക്കോഴി, ചാരമുണ്ടി, കന്യാസ്ത്രീ കൊക്ക്, പാതിരാകൊക്ക്, കുളക്കൊക്ക്, നീർക്കാടകൾ തുടങ്ങിയ നീർപക്ഷികൾ ഇവിടങ്ങളിൽ പല സമയങ്ങളിലായി കണ്ടുവരുന്നു. പക്ഷിവേട്ട തടയുന്നതിനായി ഫോറസ്റ്റ് വാച്ചറുടെ നിരീക്ഷണവുമുണ്ടിവിടെ. മരം മുറിക്കൽ, മരക്കൊമ്പുവെട്ടൽ, ദേശീയപാത വികസനം, വെടിവെപ്പ്, പടക്കം പൊട്ടിക്കൽ, തണ്ണീർത്തടശോഷണം എന്നിങ്ങനെ കൊറ്റില്ലങ്ങൾ നേരിടുന്ന വെല്ലുവിളികൾ പലതാണ്.