തിരൂർ : ക്രിസ്മസും പുതുവർഷവും അവധിക്കാലവും ആഘോഷിക്കാൻ നാട്ടിലെത്തണം. എന്നാലോ ട്രെയിൻ കയറി വരാൻ ടിക്കറ്റുമില്ല!. മറുനാടൻ മലയാളികളുടെ ദുരവസ്ഥയാണിത്. രാജ്യത്തെ മിക്ക നഗരങ്ങളിൽ നിന്നുമുള്ള ട്രെയിനുകൾക്കും ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിലേക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. ചെന്നൈ സെൻട്രലിൽ നിന്നുള്ള ട്രെയിനുകളിലൊന്നും ക്രിസ്മസിനും ന്യൂ ഇയറിനും അടുപ്പിച്ച ദിവസങ്ങളിൽ ടിക്കറ്റ് ലഭ്യമല്ല. മംഗളൂരു മെയിൽ എക്സ്പ്രസിൽ 23ന് തിരൂരിലേക്ക് ഇന്നലെ വൈകിട്ട് 97 ആണ് വെയ്റ്റ്ലിസ്റ്റ്. വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിലും മംഗളൂരു സെൻട്രൽ എക്സ്പ്രസിലും സീറ്റില്ല. താംബരം – മംഗളൂരു എക്സ്പ്രസിൽ 30 സീറ്റുകൾ ബാക്കിയുണ്ട്.ബെംഗളൂരുവിൽ നിന്നുള്ള മലയാളികളും നാട്ടിലെത്താനുള്ള നെട്ടോട്ടത്തിലാണ്. എല്ലാ ദിവസവും ഓടുന്ന കണ്ണൂർ എക്സ്പ്രസിൽ 23ന് ടിക്കറ്റ് കിട്ടാനില്ല. 24ന് 199 ആണ് വെയ്റ്റ്ലിസ്റ്റ്. ഈ വണ്ടിയിൽ ന്യൂ ഇയർ വരെ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്.ആഴ്ചയിൽ ഒരു ദിവസം ഓടുന്ന മംഗളൂരു സെൻട്രൽ എക്സ്പ്രസിൽ 23ന് 111, 30ന് 58 എന്നിങ്ങനെയാണ് വെയ്റ്റ്ലിസ്റ്റ്. ഹൈദരാബാദിലെ കാച്ചെഗുഡയിൽ നിന്ന് ആഴ്ചയിൽ 2 ദിവസമെത്തുന്ന എക്സ്പ്രസിൽ പുതുവർഷം പിറന്നാലും ടിക്കറ്റില്ലാത്ത സ്ഥിതിയാണ്. ഈ വണ്ടിയിൽ 24ന് ടിക്കറ്റേയില്ല. 27നും 31നും എത്തുന്ന വണ്ടിയിൽ വെയ്റ്റ്ലിസ്റ്റ് നൂറിനടുത്താണ്.വലിയ നഗരങ്ങളായ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും നാട്ടിലെത്താൻ കൊതിക്കുന്നവരുടെ കാര്യം മഹാകഷ്ടമാണ്. നേത്രാവതിയിലും മംഗള ലക്ഷദ്വീപ് എക്സ്പ്രസിലും ക്രിസ്മസിനു മുൻപു തൊട്ട് ന്യൂ ഇയർ കഴിയുന്നതു വരെ ടിക്കറ്റ് വെയ്റ്റ്ലിസ്റ്റിൽ പോലും ഇല്ലാത്ത സ്ഥിതിയാണുള്ളത്. മറ്റു വീക്ക‍്‍ലി ട്രെയിനുകളിലും ടിക്കറ്റ് ഇല്ല.ഇതിനേക്കാൾ കഷ്ടമാണ് നാട്ടിലെ കാര്യം. തിരുവനന്തപുരത്ത് നിന്ന് തിരൂരിലേക്കു ടിക്കറ്റ് കിട്ടാനില്ല. 24ന് വന്ദേഭാരതിൽ 115 ആണ് വെയ്റ്റ് ലിസ്റ്റ്. ഈ വണ്ടിയിൽ 29ന് 141 ആണ് വെയ്റ്റ്ലിസ്റ്റ്. കോഴിക്കോട്, കണ്ണൂർ ജനശതാബ്ദികളിലും ടിക്കറ്റില്ല. കോഴിക്കോട് ജനശതാബ്ദിയിൽ 23ന് 200 ആണെങ്കിൽ 30ന് 127 ആണ് വെയ്റ്റ്ലിസ്റ്റ്. മാവേലിയിൽ വെയ്റ്റ്ലിസ്റ്റിൽ പോലും കയറാൻ സാധിക്കാത്ത അവസ്ഥയാണ്. നേത്രാവതിയിലും ഏറനാടിലും മംഗളൂരു എക്സ്പ്രസിലും പരശുറാമിലും മലബാറിലും ടിക്കറ്റ് വെയ്റ്റ്ലിസ്റ്റിലാണ്. മംഗളൂരുവിൽ നിന്ന് തിരൂരിലേക്കുള്ള മിക്ക ട്രെയിനുകളിലും ഇതുതന്നെ സ്ഥിതി.വൻ തുക നൽകി വിമാനത്തിൽ ടിക്കറ്റെടുത്ത് നാട്ടിലെത്താനാണ് ഇപ്പോൾ പലരുടെയും ശ്രമം. ബസുകളിൽ ടിക്കറ്റുണ്ടെങ്കിലും വൻ തുകയാണ് നൽകേണ്ടി വരുന്നത്. ക്രിസ്മസും പുതുവത്സരവും അവധിക്കാലവും കണക്കിലെടുത്ത് രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് മലബാറിലേക്ക് സ്പെഷൽ ട്രെയിനുകൾ ഓടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.സംസ്ഥാനത്തിനകത്തും സ്പെഷൽ ട്രെയിനുകൾ വേണമെന്നും യാത്രക്കാർ പറയുന്നുണ്ട്.

ആശ്വാസമായി ക്രിസ്മസ് സ്പെഷൽ ട്രെയിൻ
തിരൂർ ∙ ഇന്നലെ വൈകിട്ട് സെൻട്രൽ റെയിൽവേ ക്രിസ്മസ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചതാണ് ഏക ആശ്വാസം. ലോക്മാന്യ തിലക് ടെർമിനസിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കാണു ട്രെയിൻ ഓടിക്കുന്നത്. 19നും 26നും ജനുവരി 2നും 9നുമാണ് ഈ ട്രെയിൻ ഓടുന്നത്. തിരിച്ച് ശനിയാഴ്ചകളിലും പോകും. വ്യാഴാഴ്ചകളിൽ വൈകിട്ട് 4ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 2.18ന് തിരൂരിലെത്തും. തിരിച്ച് ശനിയാഴ്ചകളിൽ വൈകിട്ട് 4.20ന് പുറപ്പെടും. രാത്രി 12.10ന് തിരൂരിലെത്തും. തിങ്കളാഴ്ച രാത്രി 12.45ന് മുംബൈയിൽ എത്തിച്ചേരും.

Related Post

Leave a Reply

Your email address will not be published. Required fields are marked *