തിരൂർ : പടിഞ്ഞാറേക്കരയിൽ പുലിയുള്ളതായി അഭ്യൂഹം. വനംവകുപ്പ് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. പടിഞ്ഞാറേക്കര കാട്ടിലപ്പള്ളിയിലാണ് ക്യാമറ സ്ഥാപിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് കാട്ടിലപ്പള്ളിയിലെ ഒരു വീട്ടിലുള്ള വളർത്തു നായയ്ക്ക് കഴുത്തിൽ മറ്റൊരു ജീവിയുടെ കടിയേറ്റിരുന്നു. ഈ നായ 2 ദിവസത്തിനുള്ളിൽ ചാവുകയും ചെയ്തു.ഇതോടെയാണ് പുലിയുണ്ടെന്ന അഭ്യൂഹം പരന്നത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നായിരുന്നു വിലയിരുത്തൽ. ഇതിനിടെ പടിഞ്ഞാറേക്കര ആനപ്പടിയിൽ ഒരു കാൽപാട് കണ്ടതോടെ പുലിയുണ്ടെന്ന അഭ്യൂഹം വീണ്ടും സജീവമാകുകയായിരുന്നു. കാൽപാടിൽ ഉറപ്പില്ല:
ഇതോടെ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് വലിയ കാട്ടുപൂച്ചയുടെ കാൽപാദമാകാനാണ് സാധ്യതയെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം പുലിയുടേതല്ല എന്ന് തീർച്ചപ്പെടുത്തിയിട്ടുമില്ല. നിരീക്ഷിക്കുന്നതിനു വേണ്ടി കാട്ടിലപ്പള്ളിയിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ചത്ത നായയുടെ കൂടിനോടു ചേർന്നാണ് ക്യാമറ വച്ചിട്ടുള്ളത്. 4 ദിവസത്തോളം ദൃശ്യങ്ങൾ നിരീക്ഷിക്കും. ഇതിൽ പുലി പതിഞ്ഞാൽ ഉടൻ കൂട് വയ്ക്കും.നാട് ഭീതിയിൽ:
പ്രദേശത്ത് പുലിയുണ്ടെന്ന ഭീതിയിലാണ് നാട്ടുകാർ.കാട്ടിലപ്പള്ളി ഭാഗത്ത് പുലിയെത്തിയെന്നു കരുതുന്ന പ്രദേശത്ത് പുൽക്കാടായതിനാൽ കാൽപാട് പതിയാൻ സാധ്യത കുറവാണെന്നു നാട്ടുകാർ പറയുന്നു.അതേ സമയം അടുത്ത് മണൽ നിറഞ്ഞു കിടക്കുന്ന പ്രദേശത്ത് വ്യക്തമായ കാൽപാടുകൾ ഉണ്ടെന്നും നാട്ടുകാർ പറയുന്നു. ഇവർക്കു വേണ്ട സുരക്ഷാ നിർദേശങ്ങൾ നൽകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിയത്. ദിവസങ്ങൾക്കു മുൻപ് പറവണ്ണ ഭാഗത്തും പുലിയുള്ളതായി അഭ്യൂഹം പരന്നിരുന്നു.എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ ഇതു കാട്ടുപൂച്ചയാണെന്നു വ്യക്തമായി. പടിഞ്ഞാറേക്കരയിൽ മുൻപും പുലിയെത്തി: പടിഞ്ഞാറേക്കരയിൽ മുൻപും പുലിയെത്തിയിട്ടുണ്ട്. 2009ലാണ് തീരത്തെ വിറപ്പിച്ച് പുലിയിറങ്ങിയത്. മത്സ്യത്തൊഴിലാളികളാണ് പുലിയെ ആദ്യം കണ്ടത്. തീരത്ത് പുലി ഇരതേടി നടക്കുന്നതാണവർ കണ്ടത്. എന്നാൽ ആദ്യമൊന്നും ആരും വിശ്വസിച്ചില്ല. പിന്നീട് ആടിനെയും മറ്റും കൊന്നിടുകയും കൂടുതൽ പേർ കാണുകയും ചെയ്തതോടെ പുലിയുണ്ടെന്ന് ഉറപ്പിച്ചു. പിന്നീട് പരിശോധനയിൽ പുലിയെ കണ്ടെത്തി.വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൂടുവച്ച് പിടികൂടി വയനാട്ടിലെ കാട്ടിൽ തുറന്നു വിടുകയായിരുന്നു. അന്നു പുലിമുട്ട് നിർമാണത്തിനു വേണ്ടി വയനാട് അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് കല്ലെത്തിച്ചിരുന്നു. ഇങ്ങനെ വന്ന ഏതോ ലോറിയിലാണ് ഇവിടെ പുലിയെത്തിയതെന്നാണ് കരുതുന്നത്.
