പുറത്തൂർ : 2010-ലെ മാർച്ച് മാസം തീരദേശത്തുകാർക്ക് അത്ര പെട്ടെന്നു മറക്കാനാവില്ല. പതിവുപോലെ ഉറക്കത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ആ വാർത്ത വന്നത്. പുറത്തൂർ പടിഞ്ഞാറെക്കര അഴിമുഖത്ത് പുലിയിറങ്ങി. സമൂഹമാധ്യമങ്ങൾ സജീവമല്ലാത്ത കാലമായിട്ടു പോലും വാർത്ത കാട്ടുതീ പോലെ പടർന്നു. ആദ്യം ആരും വിശ്വസിച്ചില്ല. നാട്ടുകാർ വിവരമറിയിച്ചപ്പോൾ പരിശോധനക്കെത്തിയ പോലീസുകാർക്കു നേരേ പുലി ചാടിയതോടെ ഔദ്യോഗിക സ്ഥിരീകരണമായി. മാർച്ച് 17-ന് രാത്രിയായിരുന്നു അഴിമുഖത്തെ പുലിമുട്ടിലെ കല്ലുകൾക്കിടയിൽ പുലിയെ കണ്ടത്. പിന്നീട് ഒരാഴ്ചക്കാലം പുലിയെ പിടിക്കുന്നതുവരെ തീരദേശത്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. മാർച്ച് 25-ന് പുലർച്ചെ ഒരു മണിക്ക് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി വീണു. അന്നു തന്നെ ഉച്ചയോടെ പുലിയെ വയനാട് മുത്തങ്ങ കാട്ടിൽ തുറന്നുവിടുകയുംചെയ്തു.പടിഞ്ഞാറെക്കര ഉല്ലാസ് നഗറിൽ ഇപ്പോൾ പുലി വീണ്ടും ഇറങ്ങിയതോടെ പഴയ സംഭവം ഓർത്തെടുക്കുകയാണ് നാട്ടുകാർ. ഒരു വന്യജീവി വരാൻ സാധ്യത വളരെ കുറവുള്ള പുഴകളും കടലും സംഗമിക്കുന്നയിടത്ത് പുലി എങ്ങനെയെത്തി എന്നാണ് ഇന്നും ഉത്തരംകിട്ടാത്ത ചോദ്യം. ഈ പ്രദേശത്തിന്റെ 50 കിലോമീറ്റർ പരിധിയിൽപ്പോലും കാടില്ല. മാധ്യമപ്രവർത്തകർ പുലിയുടെ ഫോട്ടോ പകർത്തിയതോടെയാണ് നാട്ടുകാരുടെ അമ്പരപ്പു മാറിയത്.പിന്നീട് അഴിമുഖത്തെ ടൂറിസം പാർക്കിലേക്ക് പ്രവേശനം വിലക്കി വനംവകുപ്പ് പുലിയെ പിടികൂടാനുള്ള തന്ത്രങ്ങൾ മെനഞ്ഞു. രാത്രി മാത്രമായിരുന്നു പുലി പുറത്തേക്കിറങ്ങിയിരുന്നത്. മിസ്റ്റ് നെറ്റ് വെച്ചും കൂടൊരുക്കിയും കാത്തിരുന്നു. ആവശ്യമെങ്കിൽ മയക്കുവെടി വെക്കാമെന്നു തീരുമാനമെടുത്തിരുന്നു. പുലിക്കെണിയിൽ ആദ്യം ആടിനെയും പിന്നെ പട്ടിയെയും ഇരയാക്കി കാത്തിരുന്നുവെങ്കിലും പുലി കൂട്ടിലേക്ക് ആകർഷിക്കപ്പെട്ടില്ല. ഒടുവിൽ പുലിക്ക് ഭക്ഷണം കിട്ടാനുള്ള സാധ്യതകൾ അടഞ്ഞു. ഒടുവിൽ ഭക്ഷണം കിട്ടാതെ കൂട്ടിലേക്ക് ആകർഷിക്കുക എന്ന തന്ത്രമാണ് പ്രയോഗിച്ചത്. ഈ തന്ത്രം പ്രായോഗികമായിരുന്നു. ഒടുവിൽ വിശന്നു വലഞ്ഞു പുലി കെണിയിൽക്കയറി പട്ടിയെ ആഹാരമാക്കി. അതോടെ എട്ടു ദിവസത്തെ കാത്തിരിപ്പിന് വിരാമമായി.