തിരൂർ : തിരൂരിൽ വാഗൺ ട്രാജഡി മ്യൂസിയത്തിന് പച്ചക്കൊടി. തിരൂരിൽ ദീർഘകാലം നഗരസഭാധ്യക്ഷനായി അന്തരിച്ച കെ. അബൂബക്കറിന്റെ സ്വപ്നമായിരുന്നു ഈ പദ്ധതി.ഇതിനായി ചർച്ച തുടങ്ങിവെച്ച ഇദ്ദേഹം വിടചൊല്ലി. തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ പദ്ധതിക്ക് തുടക്കംകുറിക്കുകയാണ്. നഗരസഭാധ്യക്ഷയും സംഘവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെത്തി ചരിത്രവിഭാഗം ഗവേഷകരുമായി ചർച്ച നടത്തി. 1921-ലെ വാഗൺ ദുരന്തത്തിന് സാക്ഷിയായ തിരൂരിൽ അതിന്റെ സ്മരണയ്ക്കും ചരിത്രാന്വേഷികൾക്കും വിദ്യാർഥികൾക്ക് പഠനത്തിനുമായി മ്യൂസിയംതന്നെ ഒരുക്കുകയാണ് തിരൂർ നഗരസഭ.വാഗൺ ട്രാജഡി സ്മാരകമായ ടൗൺഹാൾ വളപ്പിൽത്തന്നെയാണ് ഇതിനുള്ള കെട്ടിടം പൂർത്തിയായിവരുന്നത്. ചരിത്രശേഷിപ്പുകൾ തേടിയുള്ള യാത്രയുടെ ഭാഗമായാണ് എ.പി. നസീമയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗത്തിന്റെ സഹായം തേടി യൂണിവേഴ്സിറ്റിയിലെത്തിയത്. സീനിയർ പ്രൊഫസർ ടി. ശിവദാസുമായി ആശയവിനിമയം നടത്തി.ഈ രംഗത്ത് ഗവേഷണംനടത്തുകയും ആധികാരിക ഗ്രന്ഥങ്ങൾ രചിക്കുകയുംചെയ്ത വ്യക്തിയാണ് ഡോ. ശിവദാസ്. ഇതുമായി ബന്ധപ്പെട്ട അമൂല്യ രേഖകളുടെയും പുസ്തകങ്ങളുടെയും ശേഖരം അദ്ദേഹത്തിന്റെ കൈവശമുണ്ട്. മ്യൂസിയം ഒരുക്കുന്നതിന് മുന്നോടിയായി ശിവദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടം സന്ദർശിക്കും. ഇതിനുവേണ്ട എല്ലാ സഹായ സഹകരണങ്ങളും നൽകാമെന്ന് അദ്ദേഹം വാഗ്ദാനംചെയ്തു. സംഘത്തിൽ നഗരസഭാ ഉപാധ്യക്ഷൻ പി. രാമൻകുട്ടി പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. സലാം, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.കെ.കെ. തങ്ങൾ എന്നിവരുമുണ്ടായിരുന്നു.