കുറ്റിപ്പുറം : കുറ്റിപ്പുറം നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്ന് മലിനജലം തോട്ടിലൂടെ ഭാരതപ്പുഴയിലേക്ക് ഒഴുക്കി വിടുന്നു. സെൻട്രൽ ജങ്ഷന്റെ വലതു ഭാഗത്തു നിന്നാരംഭിച്ച് ഹൈവേ ജങ്ഷനിലൂടെ പുതിയ ആറുവരിപ്പാതയ്ക്കടിയിലൂടെ ഓയിൽമില്ല് വഴി കുറ്റിപ്പുറം പാലത്തിനു സമീപത്തെത്തുന്ന തോടു വഴിയാണ് വ്യാപകമായി രാത്രിയിൽ മലിനജലം ഒഴുക്കുന്നത്. വൺവേ റോഡിലെ ബി.എസ്.എൻ.എൽ. ഓഫീസിന് സമീപത്തു നിന്ന് തുടങ്ങി ടൗൺ ബസ് സ്റ്റാൻഡ് വഴി 300 മീറ്ററിലധികം നീളത്തിൽ ചിരട്ടക്കുന്നിലെ തുറ വരേയുള്ള കിഴക്ക് ഭാഗത്തുകൂടിയുള്ള തോട്ടിലൂടെ ഭാരതപ്പുഴയിലേക്ക് മലിനജലം ഒഴുക്കുന്നുണ്ട്. ഇത് തുടരുന്നതിനിടയിലാണ് പടിഞ്ഞാറ് ഭാഗത്തെ തോട്ടിലൂടേയും മലിനജലമൊഴുക്കാൻ തുടങ്ങിയത്.നഗരത്തിൽ പെയ്യുന്ന മഴവെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കാനായി നിർമിച്ചതാണീ തോട്. ഇതിലൂടെയാണ് കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ഒഴുക്കുന്നത്.കിഴക്കു ഭാഗത്തെ തോട്ടിലൂടെ മാലിന്യം ഒഴുക്കി വിടുന്നതിനെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം രണ്ടു ഘട്ടങ്ങളായി കിഴക്കു ഭാഗത്തെ തോട് സന്ദർശിച്ചിരുന്നു. തോടിനു മുകളിലെ സ്ളാബുകൾ നീക്കി മലിനജലം ഒഴുക്കുന്നത് എവിടെനിന്നാണെന്ന് കണ്ടെത്തുമെന്ന് സന്ദർശിച്ച സംഘം അറിയിച്ചതാണ്.എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും പരിശോധനപോലും നടന്നില്ല. അതിന്റെ ധൈര്യത്തിലാണ് ഇപ്പോഴുള്ള മലിനജലമൊഴുക്കൽ തുടങ്ങിയത്. വരുംദിവസങ്ങളിൽ സ്ളാബുകൾ നീക്കിയുള്ള പരിശോധന നടത്തുമെന്നാണ് അധികൃതരുടെ വാദം.