വെളിയങ്കോട് : പഴയ കടവിലെ സർവീസ് റോഡുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്ന് നടക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി വെളിയങ്കോട് പഞ്ചായത്തിലെ പഴയ കടവ്, താവളക്കുളം മേഖലയിലുള്ളവർക്ക് പ്രധാന റോഡിലേക്ക് എത്താൻ കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരുന്നത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊന്നാനി പൊതുമരാമത്ത് ഓഫിസിൽ ഉച്ചയ്ക്കു ശേഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരിക്കുന്നത്. പാതയുടെ ഇരുവശത്തെയും സർവീസ് റോഡുമായി ബന്ധിപ്പിക്കുന്നതിന് പുതുപൊന്നാനിയിലെ പുതിയ പാലത്തിന് താഴെ അടിപ്പാത വഴി വാഹനങ്ങൾക്ക് പോകാമെന്നായിരുന്നു ദേശീയ പാത ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ നിർമാണം നടന്നു കൊണ്ടിരിക്കുന്ന അടിപ്പാത വഴി ഉയരം കുറഞ്ഞ ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത്. പാതയുടെ പടിഞ്ഞാറ് വശത്തെ സർവീസ് റോഡ് നിർമാണം വൈകുന്നതും നാട്ടുകാർക്ക് തിരിച്ചടിയായി, അവശ്യ വാഹനങ്ങൾ പോകാത്ത അടിപ്പാതയുടെ നിർമാണത്തിനെതിരെ ഇന്നലെ നാട്ടുകാർ പാലത്തിന് താഴെ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് പൊന്നാനി പൊലീസ് ഇടപെടുകയും ഹൈവേ ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന്റെ ഭാഗമായാണ് ഇന്ന് യോഗം ചേരുന്നത്. പഴയ കടവിലെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് സർവീസ് റോഡുകൾ ബന്ധിപ്പിക്കണമെന്ന് വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതി യോഗവും അധികൃതരോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, മജീദ് പാടിയോടത്ത്, റംസി റമീസ്, സൈത് പുഴക്കര, എൻ.കെ.ഹുസൈൻ, കെ.വേലായുധൻ, സുമിത രതീഷ്, ഷരീഫ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.