പൊന്നാനി : സാധാരണക്കാരന്റെ ദൈനംദിന ജീവിതപ്രശ്നങ്ങൾക്ക് പരിഹാരംകാണുകയാണ് താലൂക്കുതല അദാലത്തുകളിലൂടെ നിർവഹിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്നാനി എം.ഇ.എസ്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പൊന്നാനി താലൂക്കുതല ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ രണ്ട് താലൂക്ക് അദാലത്തുകളിലും ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായിട്ടുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മികച്ച സഹകരണമുണ്ടായിട്ടുണ്ട്. എന്നാൽ സാമൂഹികപ്രതിബദ്ധതയും ആത്മാർഥതയും കാണിക്കാത്ത ചില ഉദ്യോഗസ്ഥരുടെ മനോഭാവം ഇനിയും മാറാനുണ്ടെന്നും സാധാരണമനുഷ്യരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നംപോലെ കണ്ട് അലംഭാവമില്ലാതെ പരിഹരിക്കാൻ ഉദ്യോഗസ്ഥതലത്തിൽ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.തുടർച്ചയായ അദാലത്തുകളിലൂടെയും ഉദ്യോഗസ്ഥ ഇടപെടലുകളിലൂടെയും താഴെത്തട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇപ്പോൾ നടക്കുന്ന അദാലത്തിൽ പരാതികൾ കുറയുന്നതെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. രണ്ടു മന്ത്രിമാരുടെയും നേതൃത്വത്തിലാണ് അദാലത്ത് നടന്നത്.പി. നന്ദകുമാർ എം.എൽ.എ., കളക്ടർ വി.ആർ. വിനോദ്, സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, എ.ഡി.എം. എൻ.എം. മെഹറലി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ഫീൽഡ് ലെവൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *