എരമംഗലം : പടികൾ അടർന്നും ഇരുമ്പ് ഷീറ്റുകൾ തുരുമ്പെടുത്തും അപകടഭീഷണിയിലായ ബിയ്യം തൂക്കുപാലം ജില്ലാകളക്ടറുടെ ഉത്തരവുപ്രകാരം ജൂൺ മൂന്നു മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഇത്രയുംവേഗത്തിൽ ജില്ലാ ടൂറിസം  പ്രൊമോഷന്‍ കൗൺസിലിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്തി തൂക്കുപാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയോടെ കാഞ്ഞിരമുക്ക് പുഴയുടെ ഇരുകരകളിലുമുള്ള മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത്, പൊന്നാനി നഗരസഭാ നിവാസികൾ കാത്തിരുന്നു.

മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഏർപ്പെടുത്തിയ കടത്തുതോണിയായിരുന്നു ഇരുകരകളിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകളുടെ ഏക ആശ്രയം. തോണിയിൽ പുഴകടന്ന്‌ സ്കൂളിലും കോളേജിലും എത്തുന്നത് വൈകുന്നത് പതിവായപ്പോൾ ചില വിദ്യാർഥികൾ ജില്ലാ ഭരണകൂടം തൂക്കുപാലത്തിന്റെ ഇരുഭാഗത്തുമായി കെട്ടിയിരുന്ന സുരക്ഷാവേലി ചാടിക്കടന്നായി യാത്ര.

ബിയ്യം തൂക്കുപാലം നവീകരണം സംബന്ധിച്ചു പൊന്നാനി നഗരസഭയും ജില്ലാ ടൂറിസം  പ്രൊമോഷൻ കൗൺസിലും തർക്കം തുടരുന്നതല്ലാതെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി പൊതുജനങ്ങൾക്കു പാലം തുറന്നുകൊടുക്കുന്നത് അനന്തമായി നീണ്ടതോടെ പ്രകോപിതരായ നാട്ടുകാർ തൂക്കുപാലത്തിൽ കയറുന്നത് തടയാൻ ജില്ലാ ഭരണകൂടം കെട്ടിയ സുരക്ഷാവേലി പിഴുതെറിഞ്ഞു യാത്രതുടങ്ങി.

ഇരുമ്പു ഷീറ്റുകൾ തുരുമ്പെടുത്ത് ദ്രവിച്ചതും പടികൾ പലതും വെൽഡിങ് വിട്ടുപോയി തകർന്നുകിടക്കുന്നതുമായ ബിയ്യം തൂക്കുപാലത്തിലൂടെയാണ് നിലവിൽ ദിവസവും വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്നത്. നിലവിൽ തൂക്കുപാലത്തിലൂടെയുള്ള യാത്ര വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് അറിഞ്ഞിട്ടും അധികൃതർക്ക് അനക്കമില്ല.

ബിയ്യം തൂക്കുപാലം ഡി.ടി.പി.സി. പൊന്നാനി നഗരസഭയ്ക്ക് വിട്ടുനൽകുകയാണെങ്കിൽ തൂക്കുപാലത്തിന്റെ നവീകരണം അടിയന്തരമായി നടത്താമെന്നതാണ് നഗരസഭ പറയുന്നത്. എന്നാൽ, അഞ്ചുമാസം പിന്നിട്ടിട്ടും ഇതുവരെ ഒരുനടപടിയും എടുക്കാൻ ജില്ലാ ഭരണകൂടത്തിനായിട്ടില്ല. നിലവിൽ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് സുരക്ഷാ സംവിധാനങ്ങൾ പാലിച്ചുകൊണ്ട് ഏർപ്പെടുത്തിയ കടത്തുതോണിയിൽ നാമമാത്രമായ ആളുകൾ മാത്രമാണ് യാത്ര ചെയ്യുന്നത്. ചില ദിവസങ്ങളിൽ ഒരാൾപോലും തോണിയിൽ യാത്ര ചെയ്യുന്നില്ലെന്ന് തോണിതുഴയുന്ന ശ്രീധരൻ പറയുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *