പൊന്നാനി : നിളാതീരത്തൊരു കലയുടെ ഗ്രാമം. ആ സ്വപ്‌നം പൂവണിയുംമുൻപേയാണ് എം.ടി. അക്ഷരങ്ങളുടെ ലോകത്തുനിന്ന് മടങ്ങിയത്. നിളയുടെ സംസ്‌കാരത്തെയും സാഹിത്യ സാംസ്‌കാരിക ഇടങ്ങളെയും പുതുതലമുറയ്ക്ക് പകർന്നുനൽകാനായി പൊന്നാനിയിൽ നിളയുടെ തീരത്ത് യാഥാർഥ്യമാകുന്ന കലാഗ്രാമം എം.ടി.യുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു.2013-ൽ പൊന്നാനിയിൽ നടന്ന ആലോചനായോഗം മുതൽ എം.ടി. വാസുദേവൻ നായരുടെ കൃത്യമായ ഇടപെടൽ പദ്ധതിയുടെ നിർവഹണത്തിലുണ്ടായിരുന്നു.നിള പൈതൃക സംഗ്രഹാലയം എന്ന പേരിൽ പി. ശ്രീരാമകൃഷ്ണനാണ് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് ചമ്രവട്ടം പ്രോജക്ട് ഓഫീസ് കോമ്പൗണ്ടിൽ ചേർന്ന ആദ്യയോഗത്തിൽ എം.ടി.യുണ്ടായിരുന്നു. നിളയുടെ തീരത്തെ സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾ പുതുതലമുറക്കായി അടയാളപ്പെടുത്തപ്പെടണമെന്ന ആഗ്രഹമാണ് എം.ടി. മുന്നോട്ടുവെച്ചത്. ആർട്ടിസ്റ്റ് നമ്പൂതിരി, കെ.പി. രാമനുണ്ണി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗമായിരുന്നു അത്. പദ്ധതി അവസാനഘട്ടത്തിലെത്തിനിൽക്കുമ്പോഴാണ് എം.ടി.യുടെ വിയോഗം.
ഉത്‌ഭവം തൊട്ട് അറബിക്കടലിൽ വന്നുചേരുന്നതുവരെയുള്ള നിളാ നദിയുടെ യാത്ര, നദീതട സാംസ്‌കാരിക അനുഭവങ്ങൾ, നിളയുടെ തീരത്തെ നവോത്ഥാനവും ദേശീയപ്രസ്ഥാന പോരാട്ടങ്ങളും, രാഷ്ട്രീയമുന്നേറ്റം, ശാസ്ത്രം, മിത്തുകൾ എന്നിവയാണ് മ്യൂസിയത്തിനുള്ളിലെ കാഴ്ചകൾ.വിവിധ രാജ്യങ്ങളിലേക്കുള്ള സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിച്ചിരുന്ന പൊന്നാനിയിലെ പാണ്ടികശാലയാണ് മ്യൂസിയത്തിലെ ആദ്യകാഴ്ച. ഇടശ്ശേരിയുടെ പൂതപ്പാട്ട്, പറയിപെറ്റ പന്തിരുകുലം എന്നിവയുടെ ചിത്രാവിഷ്‌കാരവും എഴുത്തച്ഛൻ, സൈനുദ്ദീൻ മഖ്ദൂം, പൂന്താനം എന്നിവരുടെ സ്മരണയും ഇടശ്ശേരി, ഉറൂബ്, എം.ടി., എം. ഗോവിന്ദൻ, അക്കിത്തം എന്നിവരുടെ സാഹിത്യസംഭാവനകളും മ്യൂസിയത്തിലെ കാഴ്ചകളാണ്.ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും മ്യൂസിയത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. പൊന്നാനിയിലെ ബീഡി തൊഴിലാളി സമരം, സാമൂതിരി, വാസ്‌കോഡഗാമ എന്നിവരുടെ വരവ്, നിളാതീരത്തെ മാധവജ്യോതിഷം, തിരുനാവായ മാമാങ്കം, സർവോദയ മേള, നാവികബന്ധങ്ങൾ, കടൽപാട്ടുകൾ, പൊന്നാനിയുടെ സംഗീതപാരമ്പര്യം തുടങ്ങിയ സമഗ്രമായ ചരിത്രവും സംസ്‌കാരവും ഇവിടെ അടയാളപ്പെടുത്തുന്നുണ്ട്.