കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. 90 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുമാരി (53 ) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്.

അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേരില്‍ ഒരാളാണ് ഞായറാഴ്ച വൈകിട്ട് മരിച്ചത്. സംഭവസമയത്ത് തന്നെ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേര്‍ രാജഗിരി ആശുപത്രിയിലും ആസ്റ്റര്‍ മെഡ് സിറ്റിയിലുമായി ഗുരുതരാവസ്ഥയിലുണ്ട്.

വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സെക്കന്‍ഡറിതലത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം സന്ദര്‍ശകര്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. പൊള്ളലേറ്റവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം.

വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളേജുകള്‍, ആരോഗ്യ കുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *