തിരൂർ : ജില്ലയിൽ മുസ്‌ലിം ലീഗും എസ്.ഡി.പി.ഐ.യും ജമാഅത്തെ ഇസ്‌ലാമിയും കൈകോർത്ത് ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്‍മാൻ പറഞ്ഞു. താനൂരിൽ നടക്കുന്ന സി.പി.എം. ജില്ലാസമ്മേളന പരിപാടികളുടെ ഒരുക്കങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗും ബി.ജെ.പി.യുമാണ് സി.പി.എമ്മിന്റെ പ്രധാന ശത്രു. ലീഗ് എസ്.ഡി.പി.ഐ.യുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പിന്തുണ വാങ്ങിയാണ് പ്രിയങ്കാ ഗാന്ധിയെ ജയിപ്പിച്ചത്. പാലക്കാട്ട് ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് എസ്.ഡി.പി.ഐ.യാണ് -അബ്ദുറഹ്‌മാൻ പറഞ്ഞു.മുസ്‌ലിം ലീഗിന്റെ ന്യൂനപക്ഷധ്രുവീകരണം പൊതുസമൂഹത്തിന്റെ ചിന്താഗതിക്ക് എതിരാണ്, രാജ്യത്തിന് അപകടകരമാണ്. മതേതര പൊതുസമൂഹം വളർത്തിയെടുക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.
വർഗീയതക്കെതിരേയുള്ള പോരാട്ടം ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ജില്ലാസമ്മേളനം ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.സമസ്ത-ലീഗ് തർക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാവർക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ടെന്നും സ്വാതന്ത്ര്യത്തിൽ കൈകടത്തരുതെന്നും മന്ത്രി പറഞ്ഞു. മുനമ്പത്ത് വഞ്ചിക്കപ്പെട്ടവരുടെ അവകാശം സംരക്ഷിക്കണമെന്നാണ് പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട്. ജില്ലയിൽ പാർട്ടിക്ക് നല്ല വളർച്ചയുണ്ടെന്നും പി.വി. അൻവർ ഉന്നയിച്ച വിഷയങ്ങളിൽ കഴമ്പില്ലെന്നു വ്യക്തമായെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാകമ്മിറ്റിയംഗം ഇ. ജയൻ, താനൂർ ഏരിയാ സെക്രട്ടറി പി. അബ്ദുൾസമദ്, വി. അബ്ദുൾറസാഖ്, കെ.ടി. ശശി എന്നിവരും പങ്കെടുത്തു.