കുറ്റിപ്പുറം : ശബരിമല തീർത്ഥാടകരുടെ വാഹനം ശരിയാക്കിനൽകാതെ വർക്ക് ഷോപ്പ് ജീവനക്കാരൻ ഇതരസംസ്ഥാന തീർത്ഥാടകരെ വെട്ടിലാക്കി. കർണാടകയിലെ ബെൽഗാവിയിൽനിന്നുള്ള 13 തീർത്ഥാടകരെയാണ് വർക്ക് ഷോപ്പ് ജീവനക്കാരൻ മൂന്ന് ദിവസം പ്രയാസത്തിലാക്കിയത്.ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടയിൽ 26-നാണ് ചങ്ങരംകുളത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ക്രൂയിസർ ജീപ്പ് തകരാറിലായത്.തുടർന്ന് സംഭവസ്ഥലത്തുള്ള വ്യക്തി കുറ്റിപ്പുറം സ്വദേശിയായ വർക്ക് ഷോപ്പ് ജീവനക്കാരന്റെ മൊബൈൽ നമ്പർ ഇവർക്ക് നൽകി. സ്ഥലത്തെത്തിയ വർക്ക് ഷോപ്പ് ജീവനക്കാരൻ വാഹനം കുറ്റിപ്പുറം മഞ്ചാടിയിലെ ഒഴിഞ്ഞ ഒരു പറമ്പിൽ എത്തിച്ചു. പിന്നീട് തകരാറിലായ യന്ത്രഭാഗങ്ങൾ വാങ്ങാൻ 10,800 രൂപയും വാങ്ങി ഇയാൾ പോയി.
വാഹനത്തിന്റെ പല യന്ത്രസാമഗ്രികളും ഊരിമാറ്റിയതല്ലാതെ വാഹനത്തിന്റെ തകരാർ പരിഹരിക്കാനായില്ല. ഒടുവിൽ തന്ന പൈസയുടെ യന്ത്രങ്ങൾ വാഹനത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും പറഞ്ഞ് ഇയാൾ തടിതപ്പുകയായിരുന്നു.ശനിയാഴ്ച ഇതു വഴി വന്ന കുറ്റിപ്പുറം പഞ്ചായത്ത് അംഗങ്ങൾ തീർത്ഥാടകരെ കണ്ട് വിവരങ്ങൾ അന്വേഷിച്ചു.തുടർന്ന് കുറ്റിപ്പുറം പോലീസിൽ അറിയിച്ചു. പോലീസ് വർക്ക് ഷോപ്പുകാരനെ വിളിച്ചുവരുത്തിയപ്പോഴാണ് തകരാർ പരിഹരിക്കാൻ കഴിയുന്നില്ലെന്ന വിവരം ഇയാൾ പറയുന്നത്.തുടർന്ന് തീർത്ഥാടകർ നാട്ടിലേക്ക് വിവരം അറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രിയിൽതന്നെ അവിടെനിന്ന് വർക്ക് ഷോപ്പ് ജീവനക്കാരുമായി ഒരു വാഹനം എത്തി.ഈ വാഹനത്തിലാണ് തീർത്ഥാടകർ തിരികെ നാട്ടിലേക്ക് മടങ്ങിയത്. തകരാറിലായ വാഹനത്തിനരികെ ശബരിമല തീർത്ഥാടകർ