പുറത്തൂർ : പിടിതരാതെ തീരദേശത്ത് വിലസുന്ന പുള്ളിപ്പുലിയുടെ താവളം തേടി മാടത്തപ്പടന്ന ദ്വീപിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. തിരൂർ-പൊന്നാനി പുഴയിൽ കൂട്ടായിക്കും പെരുന്തിരുത്തിക്കുമിടയിലാണ് ദ്വീപ്.ഇപ്പോൾ ആൾത്താമസമില്ലാതെ ഇവിടെ പുലി താവളമാക്കിയെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. എന്നാൽ പുലിയുണ്ടെന്നതിന്റെ തെളിവുകൾ ലഭിച്ചില്ലെന്ന് പരിശോധനയിൽ പങ്കെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പടിഞ്ഞാറെക്കര ഉല്ലാസ് നഗറിലും സമീപപ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട് പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും പുലിയെ കെണിയിലാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് പുലിക്കെണിയാണ് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ളത്. അതേസമയം, ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കാതിരിക്കാൻ വനംവകുപ്പിന്റെ ക്യാമറയിൽ പതിയുന്ന പുലിയുടെ ചിത്രങ്ങൾ പുറത്തുവിടുന്നില്ല.