താനൂർ : സി.പി.എം. ജില്ലാ സമ്മേളനത്തിന് ചൊവ്വാഴ്ച താനൂരിൽ കൊടിയുയരും. ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായാണ് സമ്മേളനം.പൊതുസമ്മേളന നഗരിയായ ചീരാൻകടപ്പുറത്തെ സഖാവ് സീതാറാം യെച്ചൂരി നഗറിൽ ഉയർത്താനുള്ള പതാക ചൊവ്വാഴ്ച പൊന്നാനിയിലെ ഇ.കെ. ഇമ്പിച്ചിബാവയുടെ വസതിയിൽനിന്നാണ് ഏറ്റുവാങ്ങുന്നത്.കൊടിമരം ദീർഘകാലം തിരൂരങ്ങാടി ഏരിയാസെക്രട്ടറിയായിരുന്ന പി. പരമേശ്വരൻ എമ്പ്രാന്തിരിയുടെ വസതിയിൽനിന്നും ദീപശിഖ ദീർഘകാലം താനൂർ ഏരിയാ സെക്രട്ടറിയായിരുന്ന ഇ. ഗോവിന്ദന്റെ വസതിയിൽനിന്നും ഏറ്റുവാങ്ങും.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഖലിമുദ്ദീൻ ക്യാപ്‌റ്റനായ പതാകജാഥ സംസ്ഥാന കമ്മിറ്റി അംഗം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ ക്യാപ്റ്റനായ കൊടിമരജാഥ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സൈനബ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. ശശികുമാർ ഇ. ഗോവിന്ദന്റെ വസതിയിൽനിന്ന് ദീപശിഖ ഏറ്റുവാങ്ങും. സംസ്ഥാനകമ്മിറ്റി അംഗം വി.പി. സാനു റിലേ ഉദ്ഘാടനംചെയ്യും.മൂന്ന് ജാഥകളും ചൊവ്വാഴ്ച വൈകീട്ട് ആറിന് പൊതുസമ്മേളന നഗരിയിൽ സംഗമിക്കും. സ്വാഗതസംഘം ചെയർമാൻ മന്ത്രി വി. അബ്ദുറഹ്‌മാൻ പതാക ഉയർത്തും.
നിയമവാഴ്ചയുടെ വീഴ്ച സമകാലിക ഇന്ത്യയെ തകർക്കുന്നു
താനൂർ : നിയമവാഴ്ചയുടെ വീഴ്ച സമകാലിക ഇന്ത്യയെ തകർക്കുന്നതായി സി.പി.എം. നേതാവ് അഡ്വ. ടി.കെ. ഹംസ അഭിപ്രായപ്പെട്ടു. സി.പി.എം.ജില്ലാസമ്മേളനത്തിന്റെ ഭാഗമായി താനൂരിൽ മോദി കാലത്തെ നിയമവീഴ്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഏകാധിപത്യത്തിലേക്കും മുതലാളിത്തത്തിന്റെ മേധാവിത്വത്തിലേക്കും കൊണ്ടുപോയി സോഷ്യലിസ്റ്റ് വീക്ഷണം തകർക്കാൻ പ്രബലമായ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന സ്ഥിതിയാണ് സമകാലിക ഇന്ത്യയിൽ കാണാനാവുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. ജില്ലാസെക്രട്ടറിയറ്റ് അംഗം അഡ്വ. പി.കെ. ഖലീമുദീൻ അധ്യക്ഷനായി. സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. കെ.ആർ. സുഭാഷ്ചന്ദ്രൻ, അഡ്വ. പി.പി. ബഷീർ, അഡ്വ. രാജേഷ് പുതുക്കാട്, കെ.വി.എ. കാദർ തുടങ്ങിയവർ സംസാരിച്ചു.