തിരൂർ : ട്രാഫിക് ഉപദേശക സമിതി യോഗത്തിൽ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികളുയർന്നു. നഗരസഭ കൗൺസിൽ ഹാളിൽ നഗരസഭാധ്യക്ഷ എ.പി. നസീമ യോഗത്തിൽ അധ്യക്ഷതവഹിച്ചു.റോഡ് നിയമങ്ങൾ പാലിക്കാൻ മനസ്സു കാണിക്കാത്തതും മറ്റുള്ളവർക്ക് പരിഗണന നൽകാത്തതുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് ഡിവൈ.എസ്.പി. ഇ. ബാലകൃഷ്ണൻ യോഗത്തിൽ അറിയിച്ചു.ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന നിരവധി നിർദേശങ്ങളും യോഗത്തിൽ ഉയർന്നു. തിരൂർ കോർട്ട് റോഡിൽ ഓട്ടോറിക്ഷകൾക്ക് പുറമെ അനധികൃതമായി കാറുകളും പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. ട്രാഫിക്ക് റഗുലേറ്ററി യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നില്ലെന്ന് വിമർശനവുമുണ്ടായി.
ഗതാഗത നിയന്ത്രണത്തിന് ട്രാഫിക്ക് വാർഡൻമാരെ നിയോഗിക്കണമെന്ന് ആവശ്യമുയർന്നു. നിർദേശങ്ങൾ അടുത്ത ട്രാഫിക്ക് റഗുലേറ്ററി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഡിവൈ.എസ്.പി. ഇ. ബാലകൃഷ്ണൻ അറിയിച്ചു.തിരൂർ പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, ജോയിന്റ് ആർ.ടി.ഒ. സാജു എ. ബക്കർ, ട്രാഫിക്ക് എസ്.ഐ. ടി.ജെ. സുനിൽ, കെ.കെ. അബ്ദുൽസലാം, ഫാത്തിമത്ത് സജിന, വി. നന്ദൻ, ജഫ്‌സൽ, വിവിധ സംഘടനാ പ്രതിനിധികളായ മജീദ് മൈബ്രദർ, ഹസ്സൻ ചക്കുങ്ങൽ തുടങ്ങിയവർ സംസാരിച്ചു.നഗരത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഒടുവിൽ പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന് തന്നെ ഗതാഗതം നിയന്ത്രിക്കാൻ റോഡിലിറങ്ങേണ്ടി വന്നു. ജനം മണിക്കൂറുകളോളം റോഡിൽ വലഞ്ഞു.