തിരൂർ : തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിലെ ഉത്സവം ജനുവരി ആറിന് വൈകീട്ട് ഏഴിന് കൊടിയേറുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12-ന് പള്ളിവേട്ടയും 13-ന് ആറാട്ടും നടക്കും. ജനുവരി ഒന്നുമുതൽ ആറുവരെയാണ് ദ്രവ്യകലശം.ഏഴിന് വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ തൃപ്രങ്ങോട് ദേവസ്വം ഈ വർഷംമുതൽ ഏർപ്പെടുത്തിയ ‘മൃത്യുഞ്ജയകീർത്തി പുരസ്കാരം’ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് കോഴിക്കോട് സാമൂതിരി രാജയുടെ പേഴ്സണൽ സെക്രട്ടറി ടി.ആർ. രാമവർമ സമ്മാനിക്കും.
11-ന് രാവിലെ 7.30-നാണ് ഉത്സവബലി. 8.30-ന് ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തും. ഈ സമയത്താണ് കാണിക്ക സമർപ്പണം. വൈകീട്ട് നവീകരണ കമ്മിറ്റിയുടെ ചുറ്റുവിളക്ക് ഉണ്ടാകും.12-ന് രാത്രി 7.30-നാണ് പള്ളിവേട്ട. പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളിപ്പുമുണ്ടാകും. 13-ന് രാവിലെ ഒൻപതിന് ആറാട്ടിന് പുറപ്പെടും. ക്ഷേത്രച്ചിറയിൽ പ്രത്യേക കടവിലാണ് ആറാട്ട്. ശേഷം ക്ഷേത്രത്തിൽ 11 പ്രദക്ഷിണം. തുടർന്ന് കൊടിയിറക്കി 25 കലശാഭിഷേകത്തോടെ ഉത്സവാഘോഷം സമാപിക്കും.ഏഴു മുതൽ 11 വരെ പുറത്തെ വേദിയിൽ കലാപരിപാടികൾ അരങ്ങേറും.പത്രസമ്മേളനത്തിൽ ക്ഷേത്രംനവീകരണ കമ്മിറ്റി പ്രസിഡന്റ് ടി.കെ. ഗംഗാധരപ്പണിക്കർ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ. രാമചന്ദ്രൻ, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ കനമ്മൽ സുരേഷ് ബാബു, ഉത്സവാഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ. രഘുനാഥ്, രാജേന്ദ്രകുമാർ പാണാട്ട്, കെ.പി. ഗണേശൻ, വി. ജയശങ്കർ എന്നിവർ പങ്കെടുത്തു.