എടപ്പാള്‍ :കാടഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 125-ാം വാർഷികം ജനുവരി രണ്ട്,മൂന്ന് തിയ്യതികളില്‍ ആഘോഷിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രണ്ടിന് രാവിലെ 8.30-ന് നടക്കുന്ന ഘോഷയാത്രക്കും പതാക ഉയര്‍ത്തലിനും ശേഷം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും.
കെ.ടി.ജലീല്‍ എം.എല്‍.എ.അധ്യക്ഷനാകും. 11-മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും.
ഉച്ചക്ക് 12 -മുതല്‍ പൂർവവിദ്യാർത്ഥി സംഗമം, ഗുരുവന്ദനം, പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടക്കും. വൈകുന്നേരം 6-ന് കളരിപ്പയറ്റ്,6.30-ന്
മെഗാതിരുവാതിര, ഗുജറാത്തി ഡാന്‍സ്,മാജിക് ഷോ, രാത്രി 8 മണിക്ക് ചിത്രകാരി ടി.കെ.പത്മിനിയുടെ ജീവിത ചരിത്രം ആസ്പദമാക്കിയുള്ള സിനിമാ പ്രദര്‍ശനം തുടങ്ങിയവ അരങ്ങേറും. ജനുവരി മൂന്നിന് രാവിലെ 9 മുതല്‍ സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ നടക്കും.
വൈകുന്നേരം 5 ന് സമാപന സമ്മേളനവും 6.30-ന് നൃത്തനൃത്യങ്ങളും 8 മണിക്ക് ഗാനമേളയും അരങ്ങേറും. പ്രമുഖ ഫോട്ടോഗ്രാഫര്‍ ഉത്തമന്‍ കാടഞ്ചേരിയുടെ ഫോട്ടോ പ്രദര്‍ശനം രണ്ട് ദിവസവും ഉണ്ടാകും.

1900- ൽ മറവഞ്ചേരി തെക്കേടത്ത് മനക്കാര്‍ സൗജന്യമായി നൽകിയ രണ്ട് ഏക്കർ 60 സെൻ്റ് സ്ഥലത്ത് ഓലമേഞ്ഞ പുരയിൽ നാലാം ക്ലാസ് വരേയുള്ള വിദ്യാലയമായാണ് കാടഞ്ചേരി സ്ക്കൂൾ ആരംഭിക്കുന്നത്.
1927- ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത് അഞ്ചാം ക്ലാസ് ആരംഭിച്ചു . ലോകമഹായുദ്ധങ്ങൾ, സ്വാതന്ത്ര്യ സമരങ്ങൾ തുടങ്ങിയവക്ക് സാക്ഷിയായ വിദ്യാലയം 1957- ൽ ജി.എല്‍.പി.സ്കൂള്‍ ആയി മാറുകയും പിന്നീട് 1977- ൽ യു.പി. സ്ക്കൂളായും 1984- ൽ ഹൈസ്ക്കൂളായും 2000- ൽ ഹയർ സെക്കന്‍ഡറി സ്കൂളായും ഉയർത്തപ്പെട്ടു.
ഇപ്പോള്‍ കെ.ജി. മുതൽ ഹയർ സെക്കന്‍ഡറി വരെ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്കൂൾ ആണിത്.
ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി,പ്രിന്‍സിപ്പല്‍ എം.ഷൈനി,പ്രകാശന്‍ കാലടി,സലാം തണ്ടിലം,വിലാസിനി,രമേശ് തണ്ടിലം,കെ.പി.ഉസ്മാന്‍,മുസ്തഫ കാടഞ്ചേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *