കുറ്റിപ്പുറം : ആറുവരിപ്പാതയിൽ കുറ്റിപ്പുറത്ത് വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമൊരുങ്ങുന്നു. കുറ്റിപ്പുറം പാലം മുതൽ ഹൈവെ ജങ്ഷൻ സമീപം വരെ റോഡിന്റെ ഇരുവശങ്ങളിലുമായാണ് വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമൊരുക്കുന്നത്.ഇവിടെ രണ്ട് ഭാഗത്തും നിലവിൽ പഴയ റോഡുകളുണ്ട്. ആറുവരിപ്പാതാ നിർമാണം പൂർത്തിയാകുന്നതോടെ ഈ റോഡുകൾ സർവീസ് റോഡുകളായി മാറും. അതിനാൽ ഈ ഭാഗത്ത് സർവീസ് റോഡുകൾ പുതുതായി നിർമിക്കേണ്ടതില്ല. അതിനാൽ തന്നെ റോഡിന്റെ ഇരുഭാഗത്തും സർവീസ് റോഡുകൾക്ക് മാറ്റി വെച്ച സ്ഥലമുണ്ട്. ഈ സ്ഥലമാണ് വാഹനങ്ങൾ നിർത്തിയിടാനായി ഉപയോഗപ്പെടുത്തുക. ആറുവരിപ്പാതാ നിർമാണത്തെത്തുടർന്ന് പുഴയുടെ അക്കരെ മിനിപമ്പയിൽ ശബരിമല തീർഥാടകർക്ക് വാഹനങ്ങൾ നിർത്തിയിടാൻ കാര്യമായ സൗകര്യമില്ല. പുഴയുടെ ഇക്കരെ വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമൊരുക്കുന്നത് തീർഥാടകർക്ക് പ്രയോജനപ്പെടും. കോഴിക്കോട് ഭാഗത്തുനിന്ന് കുറ്റിപ്പുറം റെയിൽവേസ്റ്റേഷന്റെ വടക്ക് ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾക്ക് പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ വലതുഭാഗത്തുകൂടിയും പഴയ റെയിൽവേ മേൽപ്പാലത്തിന്റെ ഇടതുഭാഗത്തുകൂടിയും സർവീസ് റോഡുകൾ ഉണ്ട്. ഈ രണ്ട് സർവീസ് റോഡുകളും റെയിൽപ്പാളത്തിന് സമീപം ഒന്നിക്കും. അതിനാൽത്തന്നെ റെയിൽവേ മേൽപ്പാലത്തിന്റെ ഇരുഭാഗത്തുള്ളവർക്കും അങ്ങോട്ടുമിങ്ങോട്ടും വാഹനങ്ങൾ കൊണ്ടുപോകാൻ ഏറെ സൗകര്യവുമാകും.ഹൈവേ ജങ്ഷനിലെ ആറുവരിപ്പാതയുടെ മുകളിൽനിന്നും തിരൂർ റോഡിലേക്കും കുറ്റിപ്പുറം ടൗണിലേക്കും വാഹനങ്ങൾക്ക് പോകാൻ സർവീസ് റോഡുകളുണ്ട്. ഈ സർവീസ് റോഡുകളുടെയെല്ലാം നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.