പൊന്നാനി : 2025ൽ തുറമുഖം തുറന്ന് അടഞ്ഞു പോയ ചരിത്രം മാറ്റിയെഴുതുമെന്ന് പി.നന്ദകുമാർ എംഎൽഎയുടെ ഉറപ്പ്. എഴുപതുകളിൽ നിലച്ചു പോയ പൊന്നാനി തുറമുഖത്തിലെ ചരക്ക് നീക്കം 2025ൽ പുനരാരംഭിക്കുമെന്ന വൻ പ്രതീക്ഷയാണ് പുതുവത്സര സമ്മാനമായി പി.നന്ദകുമാർ എംഎൽഎ പൊന്നാനിക്കാർക്ക് നൽകുന്നത്. അര നൂറ്റാണ്ടിലധികം നീണ്ട തുറമുഖത്തിന്റെ ഇരുണ്ട കാലം 2025ൽ അവസാനിക്കുമെന്നാണ് ഉറപ്പ്. തീരത്ത് കപ്പൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉരു കൊണ്ടു വന്നെങ്കിലും ചരക്ക് നീക്കം ഉറപ്പാക്കാനാണ് നീക്കമെന്നും പൊന്നാനി സാധ്യതകളുടെ കേന്ദ്രമാണെന്ന് ഈ ചരക്ക് നീക്കത്തിലൂടെ തെളിയിക്കുകയാണ് ലക്ഷ്യമെന്നും എംഎൽഎ പറഞ്ഞു.

ലക്ഷദ്വീപിൽ നിന്ന് പൊന്നാനിയിലേക്കും പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്കും ചരക്ക് നീക്കം തുടങ്ങാനുള്ള ആലോചനകൾ പുരോഗമിക്കുകയാണ്. ചരക്ക് നീക്കം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി വിജയകരമാണെന്ന് ബോധ്യപ്പെടുത്തിക്കഴിഞ്ഞാൽ വലിയൊരു ഘട്ടം പൂർത്തിയാകുമെന്നും കോയമ്പത്തൂർ, തിരിപ്പൂർ പോലെയുള്ള വ്യവസായ പ്രദേശങ്ങളിലേക്ക് പൊന്നാനിയിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ എത്താൻ കഴിയുമെന്നത് ചരക്ക് നീക്ക സാധ്യതകൾക്ക് കൂടുതൽ ബലം നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പൊന്നാനി തുറമുഖത്ത് ബീച്ച് ടൂറിസം പദ്ധതി, സൈനുദ്ദീൻ മഖ്ദൂമിന്റെ നാമധേയത്തിലുള്ള ഭാഷാ പഠന കേന്ദ്രം, വെളിയങ്കോട് ലോക് കം ബ്രിജ്, കുണ്ടുകടവ് പാലം, തുറുവാണം പാലം താലൂക്ക് ഓഫിസ് അനക്സ് കെട്ടിട നിർമാണം, ടൂറിസം രംഗത്ത് വിവിധ പദ്ധതികൾ, കാലങ്ങളായി തകർച്ചയിൽ തുടരുന്ന റോഡുകളുടെ പുനർനിർമാണം തുടങ്ങി ഒട്ടേറെ പദ്ധതികൾ 2025ൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്നും പി.നന്ദകുമാർ എംഎൽഎ ഉറപ്പ് നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *