തിരൂർ : ജനുവരി അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കുന്ന വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ ഔലിയയുടെ വലിയനേർച്ചയ്ക്ക് സുരക്ഷ ശക്തമാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കരയുടെ അധ്യക്ഷതയിൽ പോലീസ്, റവന്യൂ വിഭാഗങ്ങളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും നേർച്ച കമ്മിറ്റി ഭാരവാഹികളുടെയും സംയുക്തയോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.നേർച്ചയ്ക്ക് 40 പെട്ടിവരവുകൾ ഉണ്ടാകാമെന്നും അതിനുള്ള രജിസ്ട്രേഷൻ ജനുവരി രണ്ടുവരെയുണ്ടാകുമെന്നും ചാർട്ട് പോലീസിന് കൈമാറുമെന്നും നേർച്ച കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. നേർച്ചയോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ എക്സൈസ്, പോലീസ് വകുപ്പുകളുടെ പരിശോധന നിർബന്ധമാക്കണമെന്നും അഞ്ചു കിലോമീറ്റർ പരിധിയിൽ കർശന പരിശോധന വേണമെന്നും തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ബാബു ആവശ്യപ്പെട്ടു. മൈക്ക് ഉപയോഗിക്കുന്നതിന് അനുമതി വാങ്ങണമെന്നും പെട്ടിവരവുകൾ സമയക്രമം പാലിക്കണമെന്നും ട്രാഫിക് നിയന്ത്രണമുണ്ടാകുമെന്നും ഡിവൈ.എസ്.പി. ഇ. ബാലകൃഷ്ണൻ അറിയിച്ചു.
പോലീസ് സജ്ജം
കഴിഞ്ഞ വർഷം 646 പോലീസ് ഉദ്യോഗസ്ഥരായിരുന്നു ഡ്യൂട്ടിയിലുണ്ടായത്. ഇത്തവണയും ആവശ്യത്തിന് പോലീസുകാരുണ്ടാകും. എല്ലാ കാര്യങ്ങളിലും നേർച്ച കമ്മിറ്റിക്കാരുടെ സഹകരണമുണ്ടാകും. മദ്യശാലകൾ അടയ്ക്കുന്നതിന് കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പോലീസിന്റെ എല്ലാ സഹകരണവുമുണ്ടാകുമെന്നും ഡിവൈ.എസ്.പി. അറിയിച്ചു. ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് മൊബൈൽ ലാബ് ടെസ്റ്റിങ്ങുണ്ടാകും. ലിക്വിഡ് നൈട്രജൻ അടങ്ങിയ മിഠായികളും മറ്റും നിരോധിക്കും. കച്ചവടത്തിന് 100 രൂപ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണെന്നും അതിന് പഞ്ചായത്തിലും അക്ഷയയിലും സൗകര്യമുണ്ടാകുമെന്നും ഭക്ഷ്യസുരക്ഷാ ഓഫീസർ അറിയിച്ചു. മാലിന്യനിർമാർജനത്തിന് ഹരിതകർമ്മസേനയുടേതുൾപ്പെടെ സഹായമുണ്ടാകുമെന്ന് തലക്കാട് പഞ്ചായത്ത് അസി. സെക്രട്ടറി അറിയിച്ചു.വഴിയോരക്കച്ചവടക്കാരുടെ സ്റ്റാളുകൾ റോഡിലേക്ക് ഇറക്കിക്കെട്ടരുത്. സി.സി.ടി.വി. സ്ഥാപിക്കണമെന്നും പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കണമെന്നും പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനീഷ് പറഞ്ഞു. ഡി.ജെ. സെറ്റുകൾ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.