തിരൂർ : മൂന്നുപതിറ്റാണ്ടോളം കർമ്മഭൂമിയായിരുന്ന തുഞ്ചന്റെ മണ്ണിൽ എം.ടി. വീണ്ടും ദീപ്തസ്മരണയായി. തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച എം.ടി. വാസുദേവൻ നായർ അനുസ്മരണം മഹാനായ എഴുത്തുകാരനുള്ള അശ്രൂപൂജയായി.അനുസ്മരണസമ്മേളനം മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. നിളയെപ്പോലെത്തന്നെ എം.ടി. ഏറ്റവുംകൂടുതൽ സ്നേഹിച്ചത് തുഞ്ചൻ പറമ്പിനെയാണെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തെയും അദ്ദേഹം എതിർത്തുവെന്നും മന്ത്രി പറഞ്ഞു. എഴുത്തുകാരനും ട്രസ്റ്റംഗവുമായ വൈശാഖൻ അധ്യക്ഷത വഹിച്ചു. എം.ടി.യുടെ ഭാവനയ്ക്കനുസരിച്ചുതന്നെ ഈ സ്ഥാപനം മുന്നോട്ടുപോകുമെന്നും എം.ടി.യുടെ മാനസിക സാന്നിധ്യത്തിൽ ഇവിടെ നമ്മൾ വീണ്ടും ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുഞ്ചൻ സ്മാരക ട്രസ്റ്റ് കോഡിനേറ്റർ ഡോ. കെ. ശ്രീകുമാർ അനുശോചനപ്രമേയം വായിച്ചു.
ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാർ എം.എൽ.എ, എം.പി. അബ്ദുസ്സമദ് സമദാനി എം.പി., സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കുറുക്കോളി മൊയ്തീൻ എം.എൽ.എ., കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. കെ. മുരളീധരൻ, ടി.ഡി. രാമകൃഷ്ണൻ, കാനേഷ് പുനൂർ, മലയാള സർവകലാശാലാ വി.സി. ഡോ. എൽ. സുഷമ, മുൻ വി.സി. ഡോ. അനിൽ വള്ളത്തോൾ, മുൻ എം.പി. സി. ഹരിദാസ്, ട്രസ്റ്റംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻ ബാബു, അഡ്വ. എം. വിക്രംകുമാർ, പി. കൃഷ്ണൻകുട്ടി എന്നിവരും സംസാരിച്ചു.
തിളക്കമാർന്ന രണ്ടക്ഷരം
എം.ടി.യെന്ന തിളക്കമാർന്ന രണ്ടക്ഷരത്തെ ലോകം അംഗീകരിച്ചു. ഇതുപോലൊരു ബഹുമുഖപ്രതിഭയെ എന്റെ തലമുറ കണ്ടിട്ടില്ല. തുഞ്ചൻസ്മാരക ലൈബ്രറി നവീകരണത്തിന് എം.എൽ.എ. ഫണ്ടിൽനിന്ന് തുക അനുവദിച്ചിട്ടുണ്ട്. ഇത് ചർച്ചചെയ്യാൻ എം.ടി.യെ കാണാൻ ആഗ്രഹിച്ചപ്പോഴേക്കും അദ്ദേഹം ആശുപത്രിയിലായി
കുറുക്കോളി മൊയ്തീൻ എം.എൽ.എ.
സ്നേഹത്തിന്റെ അവധൂതൻ
എം.ടി. ഓരോ വാക്കുകളും വളരെ സൂക്ഷിച്ചു സംസാരിച്ചു. ഓർമ്മകളുടെ വികാരസാന്ദ്രമായ ഘോഷയാത്ര മനസ്സിൽ സൃഷ്ടിച്ചു. എം.ടി. ജീവിതകാലത്ത് മനുഷ്യത്വത്തിനുവേണ്ടിയും കാരുണ്യത്തിനുവേണ്ടിയും പരസ്പര ബഹുമാനത്തിനുവേണ്ടിയും നമുക്ക് അസ്വസ്ഥതകൾ സമ്മാനിച്ചു. സ്നേഹത്തെ പരത്തിയ സ്നേഹത്തിന്റെ അവധൂതനായിരുന്നു എം.ടി.
എം.പി. അബ്ദുസ്സമദ് സമദാനി എം.പി.
വാക്കിനെ ഏറ്റവും ചുരുക്കി ഉപയോഗിച്ചു
എം.ടി. വാക്കിനെ ഏറ്റവും ചുരുക്കി ഉപയോഗിച്ച വ്യക്തിയായിരുന്നു. നാം ജീവിച്ച കാലഘട്ടത്തിന്റെ എല്ലാ സ്പന്ദനങ്ങളും തിരിച്ചറിഞ്ഞു. മലയാളിയുടെ എല്ലാ വിഹ്വലതകളും സ്വപ്നങ്ങളും വളരെ മനോഹരമായി ചിത്രീകരിച്ചു. എം.ടി.യുടെ ഏറ്റവുംവലിയ മഹത്വം മതനിരപേക്ഷതയായിരുന്നു. ഈ ഭാഷ നിലനിൽക്കുന്നിടത്തോളം കാലം എം.ടി. ചിരസ്മരണീയനാകും.
എ. വിജയരാഘവൻ
വ്യാഖ്യാനിക്കാനാകാത്ത മൗനം
എം.ടി.യുടെ ആരോഗ്യകാര്യത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്ക് എളിയ പങ്ക് വഹിക്കാൻ കഴിഞ്ഞു. എല്ലാ വർഷവും രണ്ടാഴ്ച ചികിത്സയ്ക്ക് ആര്യവൈദ്യശാലയിലുണ്ടാകുമായിരുന്നു. അദ്ദേഹം ആര്യവൈദ്യശാലയുടെ കൾച്ചറൽ അംബാസിഡർ കൂടിയായിരുന്നു. എം.ടി.യുടെ മൗനം വ്യാഖ്യാനിക്കാൻ നമുക്ക് കഴിയില്ല.
ഡോ. കെ. മുരളീധരൻ,
കോട്ടയ്ക്കൽ ആര്യവൈദ്യശാല
‘പ്രണാമം എം.ടി.’ -തുഞ്ചൻ ഉത്സവം ഫെബ്രുവരി 27 മുതൽ
:പ്രണാമം എം.ടി. എന്ന ശീർഷകത്തിൽ ഈ വർഷത്തെ തുഞ്ചൻ ഉത്സവം നടത്താൻ തുഞ്ചൻ സ്മാരക ട്രസ്റ്റ് യോഗം തീരുമാനിച്ചു. ഫെബ്രുവരി 27, 28, മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് തുഞ്ചൻ ഉത്സവം. തമിഴ് എഴുത്തുകാരി ശിവശങ്കരി ഉദ്ഘാടനംചെയ്യും