പൊന്നാനി : അക്കാദമിക നേട്ടങ്ങളുടെ അടിസ്ഥാനത്തിൽമാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളെന്ന് വിളിക്കാനാകില്ലെന്നും സാമൂഹിക ഉന്നമനം ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളും സിലബസ് കേന്ദ്രീകൃത പഠനത്തോടൊപ്പം കൊണ്ടുപോകേണ്ട ഉത്തരവാദിത്വം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടെന്നും തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര അഭിപ്രായപ്പെട്ടു.
പൊന്നാനി എം.ഐ. ട്രെയിനിങ് കോളേജിൽ ആരംഭിച്ച എം.ഐ. മാനവ വിഭവശേഷി വികസനകേന്ദ്രത്തിന്റെയും അതിന്റെ കീഴിൽ എടപ്പാൾ നാട്ടുനന്മ എൻ.ജി.ഒ.യുമായി ചേർന്ന് വനിതകൾക്കായി നടത്തുന്ന സൗജന്യ തയ്യൽപരിശീലന കോഴ്‌സിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപക-വിദ്യാർഥികളുടെ ചതുർദിന സഹവാസക്യാമ്പ് ‘ലൂമസ്’ കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗവും ജില്ലാ പഞ്ചായത്തംഗവുമായ വി.കെ.എം. ഷാഫി ഉദ്ഘാടനംചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. നസീറലി, മൗനത്തുൽ ഇസ്‌ലാം സഭാ സെക്രട്ടറി എ.എം. അബ്ദുസമദ്, ചരിത്രകാരൻ വി.പി. അബ്ദുൽ റഹ്‌മാൻകുട്ടി, നാട്ടുനന്മ ഡയറക്ടർ സത്യൻ കണ്ടനകം, സെക്രട്ടറി ഉഷാകുമാരി, വിജു നായരങ്ങാടി, മുഹമ്മദ് സലിം, ടി.എസ്. അശ്വതി എന്നിവർ പ്രസംഗിച്ചു.