കുറ്റിപ്പുറം : കാർഷികവിളകൾ നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം. പേരശ്ശനൂർ, പൈങ്കണ്ണൂർ, കൊളത്തോൾ പാടശേഖരസമിതികളിലെ 20 ഏക്കറോളം നെൽക്കൃഷിയും നൂറുകണക്കിന് വാഴ, ചേമ്പ്, ചേന തുടങ്ങിയ കൃഷികളുമാണ് കാട്ടുപന്നിക്കൂട്ടം കഴിഞ്ഞദിവസങ്ങളിലായി നശിപ്പിച്ചിരിക്കുന്നത്പൈങ്കണ്ണൂർ, പേരശ്ശനൂർ പാടശേഖരത്തിലെ കൂരിപ്പറമ്പിൽ അബ്ദുള്ള, ഇബ്രാഹിം വടക്കനായിൽ, ബാവ ഹാജി, കൊളത്തോൾ പാടശേഖരത്തിലെ മഠത്തിൽവളപ്പിൽ മുഹമ്മദ്, അബ്ദുൽറസാഖ് പുത്തൻകോട്, പാത്തുമോൾ തയ്യിൽക്കാട്ടിൽ തുടങ്ങിയവരുടെ നെൽക്കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്.
മൂടാൽ സ്വദേശി ഹമീദ് ഗുരുക്കളുടേതുൾപ്പെടെ നിരവധിപേരുടെ വീട്ടുവളപ്പിലെ തെങ്ങിൻതൈകൾ, വാഴകൾ, മാവിൻതൈകൾ, ചെടികൾ എന്നിവയും വ്യാപകമായി പന്നിക്കൂട്ടം നശിപ്പിച്ചിരിക്കുകയാണ്. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.പന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കർഷകരുടെ നേതൃത്വത്തിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് പൈങ്കണ്ണൂർ പാടശേഖരസമിതി സെക്രട്ടറി റിയാസ് കൂരി മുന്നറിയിപ്പുനൽകി.