പൊന്നാനി : നാളെ മുതൽ രണ്ട് ദിവസങ്ങളിലായി മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനത്തിൽ ഉയർത്താനുളള പതാകയും വഹിച്ച് കൊണ്ടുള്ള ബൈക്ക് റാലി സംഘടനയുടെ ഉത്ഭവ സ്ഥാനമായ പൊന്നാനി ചാണയിൽ നിന്നും പുറപ്പെട്ട് കുണ്ടുകടവ് ജംഗ്ഷൻ, പുറങ്ങ് വഴി മാറഞ്ചേരിയിലെ സമ്മേളന വേദിയായ സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചു.
ദീർഘ കാലം പി സി ഡബ്ല്യു എഫ് വർക്കിംഗ് പ്രസിഡന്റായിരുന്ന പി വി അബ്ദുൽ കാദർ ഹാജിയുടെ ഭവനത്തിൽ നിന്ന്, വളണ്ടിയർ ക്യാപ്റ്റൻ തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി ഏറ്റുവാങ്ങിയ പതാക നിരവധി ബൈക്കുകളുടെ അകമ്പടിയോടെ ആവേശപൂർവ്വമാണ് സമ്മേളന വേദിയിൽ എത്തിച്ചത്. മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായ ഹനീഫ മാളിയേക്കൽ, മുജീബ് കിസ്മത്ത്, ശഹീർ മേഘ തുടങ്ങിയവർ സംബന്ധിച്ചു.
സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമാപന ചടങ്ങിൽ മാറഞ്ചേരി കമ്മിറ്റി പ്രസിഡന്റ് ശ്രീരാമനുണ്ണി മാസ്റ്റർ അധ്യക്ഷത വഹിച്ചു ജിസിസി കോ-ഓർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എം. ടി നജീബ് സ്വാഗതവും, ലത ടീച്ചർ നന്ദിയും പറഞ്ഞു.അസിസ്റ്റന്റ് വളണ്ടിയർ ക്യാപ്റ്റൻ യൂസുഫ്, ഫൈസൽ ബാജി എന്നിവർ നേതൃത്വം നൽകി.